തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷമാക്കി തലസ്ഥാന നിവാസികൾ

Jaihind News Bureau
Friday, September 13, 2019

തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് തലസ്ഥാന നിവാസികൾ. ഓണം വാരാഘോഷത്തിന്‍റെ ഭാഗമായ പ്രധാന വേദികളിലെല്ലാം ജനത്തിരക്കേറുകയാണ്. നഗരത്തിലെ ദീപാലങ്കാരങ്ങളും ആളുകളിൽ ഉത്സവാന്തരീക്ഷത്തിലെത്തിക്കുന്നു.

തുടർച്ചയായെത്തിയ അവധി ദിനങ്ങളുടെ ആലസ്യം തലസ്ഥാന നഗരിയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓരോ കാഴ്ചയും. നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ആളുകൾ കീഴടക്കിയിരിക്കുന്നു. ഓണം വാരാഘോത്തിന്‍റെ ഭാഗമായി തലസ്ഥാന നഗരത്തിനകത്തും പുറത്തുമായി 29 വേദികളിലാണ് ഇത്തവണ ടൂറിസം വകുപ്പ് കലാപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നും നിശാഗന്ധിയുമുൾപ്പെട്ട പ്രദേശം ദിവസങ്ങളായി ജന സാഗരമാണ്. കനകക്കുന്ന് കവാടത്തിൽ സന്ദർശകരെ വരവേൽക്കാൻ പഞ്ചവാദ്യത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയുണ്ട്.

ഓണം വാരാഘോഷങ്ങളുടെ ഭാഗമായി നഗരം ദീപാലങ്കൃതമായതും പ്രായഭേദമന്യേ എല്ലാവരിലും ആവേശം നിറയ്ക്കുന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റും സർക്കാർ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും ദീപാലങ്കാരത്തിന്‍റെ ഭാഗമായി. കേരളത്തിന്‍റെ പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത ദൃശ്യ വിരുന്നുകളും ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടുകയാണ്. നങ്ങ്യാർകൂത്തും കഥകളിയും ഉൾപ്പെടെയുള്ള കലാരൂപങ്ങൾ കുട്ടികൾക്കും ഒരു പുത്തൻ അനുഭവമായി. 16നു വെള്ളയമ്പലത്തു നിന്നും കിഴക്കേകോട്ടയിലേക്ക് ഓണം ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

https://www.youtube.com/watch?v=UIAAc5I0-Bg