കര്‍ണാടകയിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ടീസറെന്ന് കോണ്‍ഗ്രസ്

Tuesday, November 6, 2018

കര്‍ണാടകയിലെ 3 ലോക്‌സഭ, 2 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 4 സീറ്റുകളിലും വിജയിച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം. തകര്‍പ്പന്‍ വിജയം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ടീസറെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്നതിന്‍റെ ടീസറാണിതെന്ന് വിജയമാഘോഷിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിച്ചു.

വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് പോലെയാണ് 4-1 ന് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യത്തിന്‍റെ വിജയമാണിതെന്നും ജനങ്ങളുടെ തീരുമാനത്തിനാണ് പ്രധാന്യമെന്നും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങള്‍ നല്‍കിയ സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. തകര്‍പ്പന്‍ വിജയത്തിനായി പരിശ്രമിച്ച കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും എല്ലാ നേതാക്കളേയും മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി അഭിനന്ദിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റിലും കോണ്‍ഗ്രസിനോട് ഒപ്പംചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ദുര്‍ഭരണത്തിന് ജനങ്ങള്‍ നല്‍കിയ ഉത്തരമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മോദി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് ജെ.ഡി.എസ് നേതാവ് ദേവഗൗഡ പ്രതികരിച്ചു.

കര്‍ണാടകയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിടങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയം നേടി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരി ലോക്സഭാമണ്ഡലം, ബി.ജെ.പിയെ നിഷ്പ്രഭമാക്കിക്കൊണ്ട് രണ്ടരലക്ഷത്തോളം വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.

കഴിഞ്ഞ തവണ യെദ്യൂരപ്പ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ശിവമോഗെ മണ്ഡലത്തില്‍ യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്ര ഇക്കുറി കഷ്ടിച്ച് കരകയറുകയായിരുന്നു. കഷ്ടിച്ച് 40,000 വോട്ടുകള്‍ക്കായിരുന്നു രാഘവേന്ദ്ര ഇവിടെ കടന്നുകൂടിയത്. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ ഇവിടെ കടുത്ത പോരാട്ടമാണ് കാഴ്ച വെച്ചത്.