കളമശേരി: ഏലൂരിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് നേരെ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം നേതാവുമായ സി പി ഉഷയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ഭരണപക്ഷ അംഗങ്ങളുടെ അഴിഞ്ഞാട്ടം. സമയപരിധി ലംഘിച്ച് നിയമവിരുദ്ധമായി കൗണ്‍സില്‍ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിക്കുന്നതിനിടെയാണ് ഭരണകക്ഷിയംഗങ്ങള്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തിലുള്ള അക്രമത്തില്‍ പരിക്കേറ്റ് നഗരസഭ പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൗണ്‍സിലറുമായ ചാര്‍ളി ജയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദ്ദനത്തില്‍ വൃക്കരോഗിയായ അദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയിലൂടെ കൈയ്യില്‍ സ്ഥാപിച്ചിരുന്ന ഉപകരണം കേടുവരുത്തുകയും ചെയ്തു.
മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലാണ് ചാര്‍ളി ജയിംസ് ചികില്‍സയിലുള്ളത്.
ഇന്നലെ രാവിലെ പത്തരയ്ക്കും പതിനൊന്നിനും ചേരാനിരുന്ന അടിയന്തര കൗണ്‍സില്‍ യോഗവും സാധാരണ കൗണ്‍സില്‍ യോഗവും അനുവദിച്ചിട്ടുള്ള സമയ പരിധി കഴിഞ്ഞിട്ടും ഭരണകക്ഷിയംഗങ്ങള്‍ എത്താത്തതിനാല്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. പന്ത്രണ്ട് മണിയോടെയാണ് ചെയര്‍പേഴ്‌സനും ഭരണപക്ഷ അംഗങ്ങളും കാണ്‍സില്‍ ഹാളില്‍ എത്തിയത്. കൗണ്‍സില്‍ യോഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് ടൈം അര മണിക്കൂറാണ്.
ഏലൂരിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പ്രളയ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ അഴിമതി അന്വേഷിക്കുക, ആശാ വര്‍ക്കര്‍ നിയമനത്തില്‍ അപാകത പരിഹരിക്കുക എന്നീ കാര്യങ്ങളുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ രാവിലെ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ച് പ്രതിഷേധിക്കാതിരിക്കാന്‍ ഭരണപക്ഷം കൗണ്‍സില്‍ യോഗം മനപ്പൂര്‍വ്വം വൈകിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം വൈകി ചട്ട വിരുദ്ധമായി യോഗം ചേരാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്‌സണായ സി.പി ഉഷ, എ.ഡി സുജില്‍, എം.എ ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ ബലമായി കൊണ്ടുപോകാന്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് താഴെയെത്തി. ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിയെ കൈയ്യില്‍ പിടിച്ച് ബലമായി കൊണ്ടു പോകാനും ശ്രമിച്ചു.
ഇത് തടഞ്ഞ പ്രതിപക്ഷ നേതാവ് ചാര്‍ളി ജയിംസിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ബി.ജെ.പി വനിതാ അംഗമായ ബിന്ദു മുരളിയ്ക്കും പരിക്കേറ്റിട്ടുണ്ട്.