ജനാധിപത്യത്തിന്‍റെ കരുതല്‍; തെരഞ്ഞെടുപ്പ് വൈറല്‍ ചിത്രം

Jaihind Webdesk
Tuesday, April 23, 2019

കേരളം ആവേശപൂര്‍വം പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയാണ്  ഇത്തവണ കാണാനായത്. റെക്കോര്‍ഡ് പോളിംഗാണ് സംസ്ഥാനമെങ്ങും രേഖപ്പെടുത്തിയത്. കൈക്കുഞ്ഞുമായി പോലും വോട്ട് ചെയ്യാനെത്തിയവര്‍ നിരവധിയാണ്. ഇത്തരത്തിലൊരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍റെ നെഞ്ചോട് ചേര്‍ന്ന് സുഖമായി ഉറങ്ങുന്ന കുഞ്ഞിന്‍റെ ചിത്രം.

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂർ വടകര വള്ള്യാട് പോളിംഗ് ബൂത്തിലെ ഒരു തെരഞ്ഞെടുപ്പ് കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ വോട്ട് ചെയ്ത് തിരിച്ചെത്തുന്നതുവരെ കുഞ്ഞിനെ സുരക്ഷിതമായി നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ഈ പോലീസുദ്യോഗസ്ഥന്‍റെ ചിത്രം ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

കനത്ത പോളിംഗാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കാണാനായത്. വളരെ വൈകിയും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര എങ്ങും ദൃശ്യമായി. 77.13 ശതമാനം പോളിംഗാണ് രാത്രി 11 മണി വരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 74.02 ആയിരുന്നു.