തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി പ്രചാരണ സമിതി ചെയർമാന്‍ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക.
20-ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 24-ന് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി. ചിദംബരം തിരുവനന്തപുരത്ത് എത്തും. 22-ന് രാഹുൽ ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചാരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.