പ്രായമായവർ പുറത്തിറങ്ങരുത്; വീട്ടില്‍ തന്നെ തുടരുക ! യുഎഇയില്‍ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം; ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jaihind News Bureau
Saturday, March 14, 2020

ദുബായ് : കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് യുഎഇ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച്, എല്ലാ മുതിര്‍ന്ന അംഗങ്ങളും വീട്ടില്‍ തന്നെ തുടരണം. മാത്രവുമല്ല, തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ഇവര്‍ മാറി നില്‍ക്കണമെന്നും മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.

ആരോഗ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍, ശുചിത്വ കാര്യങ്ങളില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. സോപ്പും ശുദ്ധമായ വെള്ളവും ഉപയോഗിച്ച് കൈകള്‍ എപ്പോഴും കഴുകുക, തുമ്മുമ്പോള്‍ വായയും മൂക്കും മൂടുക, അണുക്കളുടെയും അണുബാധയുടെയും വ്യാപനം കുറയ്ക്കുന്നതിനും ഇത് ഏറെ സഹായകരമാകുമെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

പൊതു ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ത്വരിതപ്പെടുകയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് അനുസൃതമായി പൊതു സുരക്ഷയും പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായി സമര്‍പ്പിച്ച നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടൊപ്പം, കൊറോണ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ പരത്തി രാജ്യത്തെ താമസക്കാരില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അതിനിടെ ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. അവധി സമയത്ത് കുട്ടികൾ വീടുകളിൽ കഴിയണമെന്ന് ഉത്തരവുണ്ട്. ഒമാനിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.