വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം, ഉപജീവനമാര്‍ഗമായ കടയും അടിച്ചുതകര്‍ത്തു ; സിപിഐ പ്രാദേശിക നേതാവിനെതിരെ പരാതി

Jaihind Webdesk
Sunday, June 20, 2021

കൊല്ലം : കുന്നിക്കോട് വളവുപച്ചയിൽ സിപിഐ പ്രാദേശിക നേതാവും സംഘവും വയോധിക ദമ്പതിമാരെ മർദ്ദിച്ചതായി പരാതി. ഇവരുടെ ഉപജീവന മാര്‍ഗമായ കടയും അടിച്ചുതകര്‍ത്തു. മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ സിപിഐ പ്രാദേശിക നേതാവും കൂട്ടാളികളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വളവുപച്ചയിൽ സ്റ്റേഷനറി വ്യാപാരം നടത്തി വന്നിരുന്ന അബ്ദുല്‍ സലാമിനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. സജീവന്‍റെ നേതൃത്വത്തിലെത്തിയ സംഘം കമ്പി വടി കൊണ്ട് അടിക്കുകയും കടയും കടയിലുണ്ടായിരുന്ന സാധനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തെന്നാണ് പരാതി. ഇവരുടെ ഏക ഉപജീവന മാര്‍ഗമായ കടയാണ് അടിച്ചുതകര്‍ത്തത്.

സംഭവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് സജീവനെതിരെ കുന്നിക്കോട് സ്റ്റേഷനിൽ  പരാതി നൽകി. എന്നാല്‍ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. അതേസമയം അബ്ദുല്‍ സലാമും ഭാര്യയും മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സജീവനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.