സർക്കാർ ഫണ്ട് അനുവദിച്ചില്ല, വിദ്യാഭ്യാസ വായ്പയുടെ ഗഡു മുടങ്ങി; ആശങ്കയില്‍ വിദ്യാർത്ഥികള്‍: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജെയ്സണ്‍ ജോസഫ്

Jaihind Webdesk
Monday, July 31, 2023

 

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വിദ്യാഭ്യാസ വായ്പയുടെ അടുത്ത ഗഡു അനുവദിക്കാത്തതിനാൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉപരിപഠനം നടത്തുന്ന നിരവധി വിദ്യാർത്ഥികളുടെ തുടർപഠനം അവതാളത്തിലായിരിക്കുകയാണെന്ന് എഐസിസി അംഗം ജെയ്സൺ ജോസഫ്.

എല്ലാ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ മികച്ച കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കുന്നതിന് ആവശ്യമായ വായ്പ അനുവദിച്ചുകൊണ്ടിരുന്ന സർക്കാർ സ്ഥാപനമാണ് കോർപ്പറേഷൻ. കോഴ്സ് പൂർത്തിയാക്കുന്നതിന് ആവശ്യമായ വായ്പാ തുക വ്യക്തമായ ഈടിന്മേൽ ആദ്യം തന്നെ അനുവദിക്കുകയും ഓരോ അധ്യയന വർഷവും ഗഡുക്കളായി വായ്പാതുക വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇക്കൊല്ലത്തെ വായ്പാ തുകയുടെ ഗഡു വിദ്യാർത്ഥികൾക്ക് ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്ന് ജെയ്സണ്‍ ജോസഫ് ചൂണ്ടിക്കാട്ടി.

സർക്കാരിൽ നിന്നും കോർപ്പറേഷന് ആവശ്യമായ ഫണ്ട്‌ അനുവദിച്ച് നൽകാത്തതാണ്‌ വായ്പാ വിഹിതം അപേക്ഷകർക്ക് നൽകാത്തതിന് കാരണമായി പറയുന്നത്. വായ്പാ തുക കിട്ടാത്തതിനാൽ ആറു ലക്ഷത്തിലധികം രൂപ വരുന്ന ഇക്കൊല്ലത്തെ ഫീസ് നൽകാൻ കഴിയാതെ വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്. പണം കിട്ടുമെന്ന വിശ്വാസത്തിലാണ് കുട്ടികൾ സർക്കാർ സ്ഥാപനത്തിൽ നിന്ന് തന്നെ വായ്പ എടുത്തിട്ടുള്ളത്. ഫീസ് അടയ്ക്കാൻ കഴിയാതെ വന്നാൽ തുടർപഠനം മുടങ്ങുമെന്നും ഇതുവരെ ചെലവഴിച്ച പണവും പഠിച്ച കാലയളവും നഷ്ടമാകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കാൻ വായ്പാ തുകയുടെ ഗഡു ലഭ്യമാക്കുന്നതിന് ആവശ്യമായ ഫണ്ട്‌ അടിയന്തരമായി കോർപ്പറേഷന് അനുവദിച്ച് വിതരണം ചെയ്യണം. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ജെയ്സൺ ജോസഫ് ആവശ്യപ്പെട്ടു.