കൊല്ലത്ത് ഡിവൈഎഫ്ഐയുടെ ഗുണ്ടാവിളയാട്ടം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം

Jaihind Webdesk
Tuesday, February 21, 2023

 

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊല്ലം ചിന്നക്കടയിൽ പോലീസ് നോക്കിനിൽക്കെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിക്കയറിയ കടകളും ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തു.

കൊല്ലം നഗരത്തിൽ വഴിവക്കിൽ നിന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പങ്കെടുത്ത പരിപാടി നടക്കുന്ന ഹോട്ടലിന് സമീപം ആയിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയവരാണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡിവൈഎഫ്ഐ മർദ്ദനത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. നിയമം കൈയിലെടുത്ത് അമ്മാനമാടുന്ന ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ലെങ്കില്‍  കോൺഗ്രസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായി പോലീസ് സിപിഎമ്മിന്‍റെയും, കുട്ടി സഖാക്കളുടെയും ബി ടീമായി മാറിയിരിക്കുകയാണന്നും യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതയ്ക്കുമ്പോൾ കാഴ്ചക്കാരുടെ റോളിൽ ആയിരുന്നു പോലീസുകാർ എന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്നും ഡിസിസി പ്രസിഡൻറ് പറഞ്ഞു. കായികപരമായ ആക്രമങ്ങളെ കായികപരമായി നേരിടാനുള്ള ആർജ്ജവം കൊല്ലത്ത് കോൺഗ്രസിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.