കൊവിഡ് രോഗിയുടെ ശവസംസ്കാരം സ്വന്തം പേരിലാക്കി ഡിവൈഎഫ്ഐ ;  വഴിയില്‍ നിന്ന് ആംബുലന്‍സില്‍ കയറിയവരെന്ന് വ്യക്തമാക്കി മകള്‍

Jaihind Webdesk
Monday, May 17, 2021

 

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചത് സ്വന്തം പേരിലാക്കാനുള്ള ഡിവൈഎഫ്‌ഐയുടെ അപഹാസ്യമായ ശ്രമത്തിനെതിരെ ബന്ധുക്കൾ. ഒലിപ്പുനട സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളാണെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. എന്നാൽ ഇത് കളവാണെന്ന് വ്യക്തമാക്കി മരിച്ചയാളുടെ മകള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് മരണത്തെപോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഡിവൈഎഫ്‌ഐയുടെ പരിഹാസ്യമായ മുഖം വെളിപ്പെട്ടത്.

ശവസംസ്‌കാരത്തിന് എല്ലാ ഏർപ്പാടുകളും ചെയ്തത് ബന്ധുക്കളാണെന്നും തങ്ങൾ കാശ് കൊടുത്ത് വരുത്തിയ ആംബുലൻസിൽ വഴിയിൽ നിന്ന് കയറുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെയ്തതെന്നും മരിച്ചയാളുടെ മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തുണിയിൽ പൊതിഞ്ഞ തന്‍റെ പിതാവിന്‍റെ മൃതശരീരം മോർച്ചറിയിൽ നിന്ന് പുറത്തേക്കെടുക്കെടുക്കുമ്പോൾ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു ഇവരെന്ന് മകള്‍ പറയുന്നു. പാർട്ടിക്ക് പേര് കിട്ടാനായി ഒരാളുടെ മരണത്തെ പോലും ഉപയോഗപ്പെടുത്തുന്ന നിങ്ങൾ എന്‍റെ അച്ഛന്‍റെ ശവസംസ്‌കാരത്തിൽ പങ്കെടുത്തതുപോലും അപമാനകരമാണെന്നും  പോസ്റ്റില്‍ പറയുന്നു. ‘ഷെയിം ഓണ്‍ ഡിവൈഎഫ്ഐ’ എന്ന ഹാഷ് ടാഗോടെയായിരുന്നു പോസ്റ്റ്.

ഡിവൈഎഫ്‌ഐ നേമം ബ്ലോക്ക് കമ്മിറ്റി എന്ന പേജിലും ശവസംസ്‌കാരം സ്വന്തം പേരിലാക്കി വാർത്ത പങ്കുവെച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും ഡിവൈഎഫ്‌ഐയുടെ പരിഹാസ്യമായ നടപടികൾക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.