ദുബായ് വേള്‍ഡ് എക്സ്പോ 2020 തിയതി മാറ്റാന്‍ പാരീസില്‍ അംഗീകാരം : ഇനി വോട്ടെടുപ്പ് ; ഔദ്യോഗിക പ്രഖ്യാപനം മെയ് 29 ന് ശേഷം

B.S. Shiju
Tuesday, April 21, 2020

ദുബായ് : ഏറെ പ്രതീക്ഷകളോടെ ലോകം കാത്തിരുന്ന ദുബായ് വേള്‍ഡ് എക്സ്പോ 2020-യുടെ തിയതി മാറ്റാന്‍ തത്വത്തില്‍ അംഗീകാരമായി. പാരീസില്‍ ചൊവാഴ്ച ചേര്‍ന്ന അംഗ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലാണ് യുഎഇയുടെ തിയതി മാറ്റാനുള്ള അപേക്ഷ, സംഘാടകരായ ബ്യൂറോ ഇന്‍റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സ് ( ബി ഐ ഇ ) അംഗീകരിച്ചത്. അതേസമയം, പുതിയ തീയതി നിശ്ചയിക്കാന്‍ മുഴുവന്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. ഇതിനായി ബി ഐ ഇയുടെ നേതൃത്വത്തില്‍ മെയ് 29 ന് മുമ്പായി വോട്ടെടുപ്പ് പൂര്‍ത്തീയാക്കും. അതിന് ശേഷം തിയതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

2021 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച്, 2022 മാര്‍ച്ച് 31 ന്  അവസാനിക്കുന്ന രീതിയില്‍ എക്‌സ്‌പോ നടത്താന്‍ തയ്യാറാണെന്നാണ് യുഎഇ നേരത്തെ അപേക്ഷ നല്‍കിയത്. ഇപ്രകാരം, യുഎഇയുടെ ഈ അഭ്യര്‍ഥന , മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വോട്ടെടുപ്പിലൂടെ ഇനി പാസാകണം. എങ്കില്‍, മാത്രമേ, പുതിയ തിയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. പുതിയ തിയതിയ്ക്ക് മാര്‍ച്ച് 30 ന്, ദുബായ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കുകയായിരുന്നു. ഇതിനിടെ, ദുബായ് വേള്‍ഡ് എക്‌സ്‌പോ 2021-2022 വര്‍ഷത്തേയ്്ക്ക് മാറ്റിയാലും, ” 2020 ദുബായ് എക്‌സ്‌പോ ” എന്ന ബ്രാന്‍ഡ് പേരിലാകും മേള നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.