യു.എ.ഇയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസ് ഏഴ് മുതല്‍: വിദേശയാത്രകള്‍ക്കും ഇനി നിബന്ധനകള്‍; ഉല്ലാസയാത്രകള്‍ക്ക് അനുമതിയില്ല, പെര്‍മിറ്റിന് 50 ദിര്‍ഹം | VIDEO

Jaihind News Bureau
Friday, July 3, 2020

 

ദുബായ് : യു.എ.ഇയില്‍ നിന്നും വിദേശത്തേക്കു പോകുന്ന വിമാനയാത്രകള്‍ക്ക് ഇനി ഇന്ത്യക്കാര്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും മുന്‍കൂര്‍ അനുമതി വാങ്ങണം. അതേസമയം അത്യാവശത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അനുമതി നല്‍കുള്ളൂ. വിദേശത്ത് പോകാന്‍ പെര്‍മിറ്റിന് അമ്പത് ദിര്‍ഹം നല്‍കണം. എന്നാല്‍ ഉല്ലാസ-വിനോദസഞ്ചാര യാത്രകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണ് ഗവണ്‍മെന്‍റ് തീരുമാനം.

ഇതിനിടെ യു.എ.ഇയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് റജിസ്‌ട്രേഷനൊപ്പം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വന്ദേഭാരത് മിഷന്‍ പോലുള്ള ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഈ മാസം ഏഴിന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കൂ.  എന്നാല്‍ ഒഴിപ്പിക്കല്‍, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.