ഇളവുകള്‍ തുടങ്ങി : ദുബായ് റോഡുകള്‍ ഭാഗിക തിരക്കിലേക്ക് ; സാമൂഹിക അകലം പാലിക്കുമ്പോഴും മാനസിക അടുപ്പം നിലനിര്‍ത്തി റമസാനിലെ ആദ്യവെള്ളി

B.S. Shiju
Friday, April 24, 2020

ദുബായ് : കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇന്നു ( ഏപ്രില്‍ 24 ) മുതല്‍ ഭാഗികമായ ഇളവുകള്‍ വന്നു. ഇതോടെ, റമസാനിലെ ആദ്യദിനവും, ആദ്യവെള്ളിയാഴ്ചയുമായ രാവിലെ ഏഴ് മുതല്‍ സ്വകാര്യ വാഹനങ്ങളും മറ്റും ഓടി തുടങ്ങി. രാത്രി പത്ത് വരെ ഇനി പ്രത്യേക അനുമതി ഇല്ലാതെ യാത്രചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമത്തിലെ ഇളവ്. അതേസമയം, റമസാനിലെ ആദ്യ വെള്ളിയിലെ പ്രാര്‍ഥനകള്‍, താമസ സ്ഥലത്ത് നടത്തിയാണ് വിശ്വാസികള്‍ ഈ ദിനത്തെ വരവേറ്റത്. സാമൂഹികമായ അകലം പാലിക്കുമ്പോഴും, മാനസികമായ അടുപ്പം നിലനിര്‍ത്തിയ, ആദ്യദിന റമസാനായി ഇത് മാറി.

യുഎഇ ദുരന്ത നിവാരണ ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റമസാനില്‍ ഈ ഇളവുകള്‍ നല്‍കിയത്.   ഇതോടൊപ്പം, ഷോപ്പിങ് മാളുകളും റസ്റ്ററന്‍റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, സിനിമാ തിയറ്ററുകള്‍, വിനോദകേന്ദ്രങ്ങള്‍, പ്രാര്‍ത്ഥനാ മുറികളും അടച്ചിട്ടിരിക്കുകയാണ്. തുറക്കാന്‍ അനുമതി ഇല്ല. കൂടാതെ, ജിം, സ്വിമ്മിങ്പൂള്‍, ബാര്‍, മസാജ് പാര്‍ലറുകള്‍ എന്നിവ ഇല്ലാതെ, ചില ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതി ഉണ്ട്.  സ്ഥാപനങ്ങളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടാകരുതെന്നാണ് മറ്റൊരു നിയമം. ഇതോടെ, ഞായറാഴ്ച മുതല്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങാനും സാധ്യതയുണ്ട്. എന്നാല്‍, 70 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനം പ്രയോജനപ്പെടുത്തണം. അതിനാല്‍, ഓഫീസുകളില്‍ ആവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രമേ പാടുള്ളൂ.

പുറത്തിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിക്കണം.  നിയമം ലംഘിച്ചാല്‍, 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. വ്യായാമത്തിനും മറ്റുമായി, വീടിന്റെ പരിസരത്ത് ഇറങ്ങാം. സമീപത്തെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ട്. എന്നാല്‍, 60 വയസിന് മുകളില്‍ പ്രായം ഉള്ളവരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. അഞ്ച് പേരില്‍ കൂടുതല്‍ ഒരു സ്ഥലത്ത് സംഗമിക്കാന്‍ പാടില്ല. ദുബായ് മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഈ മാസം 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ഇതിനായി, ദുബായ് മെട്രോയിലും മെട്രോ സ്‌റ്റേഷനുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയ ചിത്രങ്ങള്‍ പതിപ്പിച്ച് കഴിഞ്ഞു. ഇതിനിടെ, രാത്രി പത്തിന് ശേഷം, ദുബായില്‍ കൊവിഡിന് എതിരെയുള്ള അണുനശീകരണ നടപടികള്‍ വീണ്ടും തുടരും. ഈ സമയങ്ങളില്‍, പുറത്തിറങ്ങാന്‍ അനുമതിയുള്ളത് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമാണ്.