ദുബായില്‍ നിയന്ത്രണങ്ങളോടെ മസ്ജിദുകളും തുറക്കുന്നു : 12ല്‍ താഴെയും 60 വയസ് കഴിഞ്ഞവര്‍ക്കും അനുമതിയില്ല ; മാസ്‌കും ഗ്ലൗസും വേണം | കരുതേണ്ടതും ശ്രദ്ധിക്കേണ്ടതും എന്തെല്ലാം ?

B.S. Shiju
Saturday, May 30, 2020

ദുബായ് : കൊവിഡ് മൂലം മാസങ്ങളായി അടച്ചിട്ട ദുബായിലെ മസ്ജിദുകള്‍, കടുത്ത നിയന്ത്രണങ്ങളോടെ തുറക്കാന്‍ ഒരുങ്ങുന്നു.  എന്നാല്‍, പള്ളികള്‍ തുറക്കുന്ന തിയതി പിന്നീട് അറിയിക്കും. അതേസമയം, സ്ത്രീകള്‍ക്കും , 12 വയസിന് താഴെയുളളവര്‍ക്കും,  60 വയസിന് മുകളില്‍ ഉള്ളവര്‍ക്കും പള്ളിയില്‍ പോകാന്‍ അനുമതി ഉണ്ടാകില്ല. കടുത്ത നിയന്ത്രണങ്ങളോടെ ദുബായിലെ മസ്ജിദുകള്‍ തുറക്കാനാണ് നീക്കം. ഇതിനായി പ്രധാനപള്ളികള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും അധികാരികള്‍ വിലയിരുത്തി.

ആര്‍ക്കെല്ലാം മസ്ജിദുകളില്‍ പോകാം

സ്ത്രീകള്‍ക്കും , 12 വയസിന് താഴെയുളളവര്‍ക്കും,  60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പള്ളിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ല. ഹസ്തദാനമോ ആലിംഗനമോ പാടില്ല. സുരക്ഷയെ മുന്‍നിര്‍ത്തിയാണിത്. ആദ്യഘട്ടത്തില്‍ പള്ളിയുടെ ഒരു ഭാഗം മാത്രമേ തുറക്കു.  കൂടാതെ, ബാങ്ക് വിളി സമയത്തോട്  അനുബന്ധിച്ച് മാത്രമേ വിശ്വാസികള്‍ക്ക് പള്ളിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ. അതിനാല്‍ ആ സമയത്ത് മാത്രമേ എത്താന്‍ പാടൂള്ളൂ.

കൈയ്യില്‍ കരുതേണ്ടതും ശ്രദ്ധിക്കേണ്ടതും

വിശ്വാസികള്‍ സ്വന്തം മുസല്ല അഥവാ കാര്‍പ്പറ്റ് വിരിയുമായി നമസ്‌കാരത്തിന് പോകണം. മാസ്‌കും ഗ്ലൗസും നിര്‍ബന്ധമാണ്. ഒന്നര മീറ്റര്‍ അകലത്തിലാണ്, വിശ്വാസികള്‍ നമസ്‌കാരത്തിനായി അണിനിരക്കേണ്ടത്. കൂടാതെ, വിശ്വാസികളുടെ നിരകള്‍ തമ്മിലും സുരക്ഷിതമായ അകലം പാലിക്കണം. നേരത്തേ പള്ളിയില്‍ വന്നിരിക്കുന്ന ശീലം താല്‍കാലികമായി ഇനി അനുവദിക്കില്ല. നമസ്‌കാര ശേഷം പള്ളിയില്‍ തങ്ങുവാനോ, വിശ്രമിക്കുവാനോ സാധിക്കില്ല. നമസ്‌കാരം കഴിഞ്ഞാലുടന്‍ പള്ളികള്‍ അടച്ചിടും.

ആരെല്ലാം സ്വയം മാറി നില്‍ക്കണം

കോവിഡ് ബാധയുള്ളവരുമായി ഇടപഴകുന്നവര്‍, മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍, പള്ളിയില്‍ വരുന്നതില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കണം. കടുത്ത അസുഖങ്ങള്‍ ഉള്ളവരും, പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകള്‍ പളളിയില്‍ പോകുന്നത് ഒഴിവാക്കണം. സ്വന്തം സുരക്ഷയെ കരുതിയാണ് ഈ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി, ശക്തമായ സരുക്ഷയും മസ്ജിദുകളില്‍ ഏര്‍പ്പെടുത്തും.