റമസാനില്‍ നൂറു കോടി പേര്‍ക്ക് ഭക്ഷണം ; റാന്തല്‍ വിളക്കുകളില്‍ പ്രകാശം പരത്തി ദുബായ് ഗിന്നസ് ലോക റെക്കോര്‍ഡില്‍

Jaihind Webdesk
Thursday, April 29, 2021

 

ദുബായ് : ഗ്‌ളോബല്‍ വില്ലേജ് 2500 റാന്തല്‍ വിളക്കുകള്‍ കത്തിച്ച്, ഗിന്നസ് ലോക റെക്കോര്‍ഡില്‍ സ്ഥാനം നേടി. “പത്തു കോടി ഭക്ഷണം ” എന്ന് വിളക്കുകള്‍ കൊണ്ട് ഇംഗ്‌ളീഷില്‍ എഴുതിയാണ് , ലോക റെക്കോര്‍ഡിട്ടത്.

ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന ദുബായ് ഗ്‌ളോബല്‍ വില്ലേജിലെ, ഇരുപത്തി മൂന്നാമത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണിത്. 2500 റാന്തല്‍വിളക്കുകള്‍ ഉപയോഗിച്ചാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎഇ ഗവര്‍മെന്റിന്റെ റമസാന്‍ ചാരിറ്റി സംരംഭമായ, പത്തു കോടി പേര്‍ക്ക് സൗജന്യം ഭക്ഷണം എന്ന പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചായിരുന്നു ഈ പരിപാടി.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇന്നീഷേറ്റീവ് ഫൗണ്ടേഷനുമായി സഹകരിച്ചാണ്, ദുബായ് ഗ്‌ളോബല്‍ വില്ലേജില്‍ ഇത്തരത്തില്‍ സ്‌നേഹ വിളക്കുകള്‍ കത്തിച്ചത്. ലോകത്തെ 10 കോടി ജനങ്ങള്‍ക്ക്, റമസാനില്‍ ഭക്ഷണപ്പൊതികള്‍ എത്തിയ്ക്കുക എന്ന യുഎഇയുടെ സ്വപ്‌ന പദ്ധതിയ്ക്ക് പ്രകാശം പരത്തിയ ചടങ്ങിന് നിരവധി പേര്‍ സാക്ഷികളായി. ഇരുപത്തിയഞ്ചാമത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്, മെയ് രണ്ടിന് രാത്രി ഒമ്പതിന് , ഗ്‌ളോബല്‍ വില്ലേജില്‍ നടക്കും. ഇതോടെ, ഇത്തവണ ആഘോഷങ്ങള്‍ക്കും കൊടിയിറങ്ങും.