15 ദിര്‍ഹത്തിന്‍റെ മാസ്‌കിന് വില 130 : ഫാര്‍മസികളും കുടുങ്ങി, ദുബായില്‍ പിഴ ; രാജ്യത്ത് മാസ്‌ക് നിര്‍ബന്ധം : പരാതികള്‍ക്ക് വിളിക്കാം 600 54 55 55 നമ്പറില്‍

B.S. Shiju
Sunday, April 5, 2020

 

ദുബായ് : യുഎഇയില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ, വില കുതിച്ച് ഉയരുന്നതായി പരാതി. 15 ദിര്‍ഹത്തില്‍ താഴെ മാത്രം വിലയുള്ള മാസ്‌ക് ഒന്നിന് 130 ദിര്‍ഹം വരെയാണ് വില ഈടാക്കുന്നതെന്നാണ് പരാതി. ഇതോടെ, ദുബായ് സാമ്പത്തിക മന്ത്രാലയം അധികൃതര്‍ 14 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കി. ഇതില്‍, ഒമ്പതെണ്ണം പ്രമുഖ ഫാര്‍മസി സ്ഥാപനങ്ങളാണ്.

ദുബായ് ഖിസൈസ്, ഹോര്‍ അല്‍ അന്‍സ്, അല്‍ തവാര്‍, ഉമ്മം സ്‌ക്വയിം, അല്‍ വര്‍ഖ, ഷെയ്ഖ് സായിദ് റോഡ്, നാദ് അല്‍ ഹമര്‍, അല്‍ മിസ്ഹര്‍, നാദ് ഹെസ്സ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് വില വര്‍ധിപ്പിച്ചത്. ദുബായ് സാമ്പത്തിക മന്ത്രാലത്തിന് കീഴിലെ, ദി കമ്മേഴ്‌സ്യല്‍ കംപ്‌ളയിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇപ്രകാരം, നടത്തിയ അന്വേഷണത്തില്‍ ഹോള്‍സെയില്‍ വഴി ലഭിച്ച വിലയേക്കാള്‍ വലിയ രീതിയില്‍ വില വര്‍ധിപ്പിച്ചെന്നും കണ്ടെത്തി. ഇനിയും നിയമം ലംഘിച്ചാല്‍ പിഴ ഇരട്ടിയായി ഈടാക്കാനും, സ്ഥാപനം അടച്ചു പൂട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന സജീവമാകും. കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍, മാസ്‌കുകള്‍, സാനിറ്റൈറ്റേഴ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് ഒരു കാരണവശാലും  വില കൂട്ടരുതെന്നും അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച പരാതികള്‍ക്ക് 600 54 55 55 എന്ന നമ്പറില്‍ വിളിക്കണമെന്നും ദുബായ് സാമ്പത്തിക മന്ത്രാലയം നിര്‍ദേശിച്ചു.