പ്രവാസികളോടുള്ള സർക്കാരിന്‍റെ ഇരട്ടത്താപ്പിന് കൂടുതൽ തെളിവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധനയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന വാദം കള്ളം; നിബന്ധന മുന്നോട്ട് വെച്ചത് കേരളം മാത്രം | VIDEO

Jaihind News Bureau
Tuesday, June 16, 2020

പ്രവാസികളോടുള്ള സർക്കാരിന്‍റെ ഇരട്ടത്താപ്പിന് കൂടുതൽ തെളിവ്. ചാർട്ടേഡ് വിമാനത്തിൽ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന മുന്നോട്ട് വെച്ചത് കേരളം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്ന സർക്കാർ വാദം തെറ്റെന്നതിന് തെളിവ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടേണ്ടതുള്ളു എന്ന കേരളത്തിന്‍റെ നിബന്ധന സൗദി അറേബ്യയിലെ ഇന്ത്യൻ എംബസ്സിയുടെ വെബ്‌സെറ്റിൽ ജൂണ്‍ 15ന് പ്രസിദ്ധപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങള്‍ക്കായുള്ള പ്രവർത്തന നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു നിബന്ധന മുന്നോട്ട് വച്ചത് കേരളം മാത്രമെണെന്നതിന്‍റെ തെളിവുകളും പുറത്ത്.

ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രധാന മന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഈ വിഷയം ഉന്നയിക്കുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ പറഞ്ഞത് പച്ചക്കളളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മലയാളികളെ തന്നെ രണ്ടുതരം പൗരന്മാരാക്കുകയാണ് കേരള സർക്കാരെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പുറത്തുവരുന്നത്. ക്രൂരവും നിന്ദ്യവുമായ വിവേചനമാണ് കേരളം നടപ്പാക്കുന്നത്. മലയാളികളെ തന്നെ മലയാളികൾക്കെതിരാക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വളരെ സൂക്ഷ്മമായി പ്രയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.

നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള സർക്കാരിന്‍റെ നിലപാട് വിവാദമായപ്പോൾ അത്തരം ഒരു തീരുമാനം കേരള സർക്കാർ സ്വീകരിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയും മറ്റും ധരിപ്പിച്ചത്.

എന്നാല്‍ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ചാർട്ടേഡ് വിമാനങ്ങള്‍ക്കായുള്ള പ്രവർത്തന നടപടിക്രമങ്ങളില്‍ അനുബന്ധമായി ചേർത്തിരിക്കുന്ന കേരളത്തിന്‍റെ നിബന്ധന സർക്കാരിന്‍റെ കള്ളപ്രചാരണത്തിന് തെളിവാകുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമായ പോളിസികളാണ് ഉള്ളത്. ഇപ്രകാരം പ്രത്യേക നിബന്ധനകള്‍ ഉള്ള സംസ്ഥാനങ്ങളുടെ നിലപാടുകളാണ് അനുബന്ധമായി ചേർത്തിരിക്കുന്നത്. എന്നാല്‍ രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍ പോലും കേരള സർക്കാർ ആവശ്യപ്പെടുന്നതു പോലുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മുന്നോട്ട് വച്ചിട്ടില്ല. സംസ്ഥാനത്ത് എത്തിയാല്‍ ക്വാറന്‍റൈനും ടെസ്റ്റും പറയുന്നുണ്ടെങ്കിലും അത് അവിടെ നടത്തി സർട്ടിഫിക്കറ്റുമായി മാത്രം മടങ്ങണമെന്ന നിബന്ധന കേരളം മാത്രമാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിൽ കാണാം.

പ്രവാസികൾക്ക് നാട്ടിലെത്താൻ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് വേണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന വാദവുമായി സർക്കാർ രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോഴും മുൻ നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മുന്നോട്ട് വച്ചത് കേരളം മാത്രമാണെന്നും വെബ്‌സൈറ്റിലെ ഈ രേഖകൾ വ്യക്തമാക്കുന്നു.രോഗ വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങൾ പോലും ആവശ്യപ്പെടാത്ത നിബന്ധനയാണ് പ്രവാസികളുടെ കാര്യത്തിൽ കേരളം മുന്നോട്ട് വച്ചത്.പ്രവാസികളുടെ കാര്യത്തിൽ സാർക്കാർ ഇറട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നു എന്ന വിമർശനം തുടക്കം മുതൽ തന്നെ ശക്തമാണ്. ഈ വിമർശനം ശരിവയ്ക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതെ നില്‍ക്കുന്ന, മരുന്നിനോ ഭക്ഷണത്തിനോ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന, മറ്റുള്ളവരുടെ കാരുണ്യത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഈ ഒരു കടമ്പ മറികടക്കുക ഏറെ ബുദ്ധിമുട്ടുളവാക്കുന്നതാണ്.