‘സർക്കാർ വീഴ്ചകള്‍ മറയ്ക്കാന്‍ യു.ഡി.എഫിനെ പഴിചാരേണ്ട ; പ്രതിപക്ഷ സമരങ്ങള്‍ കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ച്’ : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, July 11, 2020

 

തിരുവനന്തപുരം : പ്രതിപക്ഷസമരങ്ങൾ എല്ലാം കോവിഡ് പ്രൊട്ടോകോൾ പാലിച്ചാണ് നടത്തിയിട്ടുളളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൂന്തുറയിൽ സർക്കാർ വേണ്ട സൗകര്യം ചെയ്യാത്തതിനാലാണ് ജനരോഷം ഉണ്ടായതെന്നും അത് യു.ഡി.എഫിന്‍റെ തലയിൽ വെക്കാനുള്ള ശ്രമം നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരയും കടലും അടച്ചിട്ടും സർക്കാർ സൗകര്യം ഒരുക്കിയില്ലെന്നും ജനങ്ങൾ പട്ടിണിയിലാണെന്നും വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞു.

പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമം നടക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായും സഹകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ നിർദേശങ്ങൾ എല്ലാം പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് സമരങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ കൊവിഡ് എന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനം പരിഭ്രാന്തിയിലാണ്. കൊവിഡിനെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു. സർക്കാർ വീഴ്ചകൾ രോഗം പടരാൻ ഇടയാക്കി എന്നത് വസ്തുതയാണ്. ഇത് മറയ്ക്കാൻ യു.ഡി.എഫിന്‍റെ തലയിൽ കുറ്റം കെട്ടിവെക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്. കൊവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞുനിർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട. കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകർന്നു. പ്രതിപക്ഷമാണ് ശരിയെന്ന് ജനങ്ങൾക്ക് ഓരോദിവസം കഴിയുന്തോറും ജനങ്ങൾക്ക് മനസിലാകുന്നതിന്‍റെ രോഷമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ ചെമ്പ് പുറത്തായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൂന്തുറയില്‍ കരയും കടലും അടച്ചിട്ടതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. ഇവർക്ക് ഇനിയെങ്കിലും സർക്കാർ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.