ഡോളര്‍ക്കടത്ത് : എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കസ്റ്റംസിന്‍റെ ഷോകോസ് നോട്ടീസ്

Wednesday, August 4, 2021

കൊച്ചി : ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസയച്ചു. 2019 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക് കടത്തി എന്ന കേസിലാണ് കസ്റ്റംസ് നടപടി.

ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ സ്പീക്കര്‍ പി. ശ്രീരാമക്യഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ എന്നിവർക്കെതിരെ കേസിലെ പ്രധാന പ്രതികൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയേയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയാണ് കസ്റ്റംസ് ഇപ്പോൾ ഷോക്കോസ് നോട്ടീസയച്ചിരിക്കുന്നത്. കോണ്‍സുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമെ ശ്രീരാമക്യഷ്ണന് നോട്ടീസയക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം.

എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ കൊച്ചിയിൽ നിന്നും സ്ഥലം മാറി പോകുന്നതിന് മുന്‍പാണ് നടപടി. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം കേസിന്‍റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയത്. പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.