ഡോളര്‍ കടത്ത്: ശിവശങ്കർ ആറാം പ്രതി; സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്‍റെ പണമെന്ന് കസ്റ്റംസ്

Jaihind Webdesk
Thursday, September 29, 2022

 

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. കേസിൽ ആറ് പ്രതികളാണുള്ളത്. സരിത് പി.എസ് രണ്ടാം പ്രതി, സ്വപ്‌നാ സുരേഷ് മൂന്നാം പ്രതി, സന്ദീപ് നായർ നാലാം പ്രതി, സന്തോഷ് ഈപ്പൻ അഞ്ചാം പ്രതി എന്നിങ്ങനെയാണ് കുറ്റം ചാർത്തപ്പെട്ടിരിക്കുന്നത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്‍റെ പണമായിരുന്നുവെന്നും ഇത് ലൈഫ് മിഷൻ അഴിമതിയിലുടെ കിട്ടിയ കമ്മീഷനായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കർ സംസ്ഥാന ഇന്‍റലിജൻസ് വിവരങ്ങൾ സ്വപ്നയ്ക്ക് ചോർത്തി നൽകിയെന്നും ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്‍റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്ന മൊഴി നൽകിയിരുന്നു. ഈ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിലുണ്ട്.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൻ്റെ അന്വേഷണത്തിനിടെയാണ് ഡോളർ കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസിൽ എം ശിവശങ്കറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.