ഡോളര്‍ കടത്ത് : മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ്

Jaihind News Bureau
Monday, March 8, 2021

 

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള  ഉന്നത സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകള്‍ വെളിപ്പെടുത്തി ഹൈക്കോടതിയില്‍ കസ്റ്റംസ് സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്. പ്രതികളുടെ രഹസ്യമൊഴികളുടെ പകര്‍പ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് ഇഡി തീരുമാനം. മുഖ്യമന്ത്രി, സ്പീക്കർ, മൂന്ന് മന്ത്രിമാർ എന്നിവർക്കു പുറമെ രണ്ട് മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്‌തേക്കും.

ലൈഫ് മിഷനിലെ കോഴപ്പണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി നേരത്തെ പ്രത്യേകം കേസെടുത്തിട്ടുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയത്. കോണ്‍സുലേറ്റ് മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് മുഖേന നടത്തിയ ഡോളര്‍ കടത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതിനാലാണ് പ്രത്യേകം കേസെടുത്തത്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതികളുടെ രഹസ്യമെഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കസ്റ്റംസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ രഹസ്യമൊഴിയിലെ വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു കസ്റ്റംസ് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകള്‍ വെളിപ്പെടുത്തി ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതോടെ ഇഡിക്ക് മുന്നോട്ടുള്ള വഴി തുറന്നു. സന്തോഷ് ഈപ്പന്‍റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുക. സന്തോഷ് ഈപ്പന്‍ പാരിതോഷികമായി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയാണെന്ന് വ്യക്തമായതോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിനോദിനിയെയും ഇഡി ചോദ്യം ചെയ്തേക്കും.