‘ജനങ്ങളുടെ കഷ്ടപ്പാടില്‍ നിന്ന് ലാഭം കൊയ്യരുത്’ ; ഇന്ധനവിലയില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയാ ഗാന്ധി

Jaihind News Bureau
Monday, February 22, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധി കത്തിൽ കുറ്റപ്പെടുത്തി.

ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. രാജ്യത്തെ പലഭാഗങ്ങളിലും പെട്രോൾ വില നൂറ് കടന്നു. ഉയരുന്ന ഡീസൽ വില കർഷകരുടെ ദുരിതങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. അസംസ്‌കൃത എണ്ണവില കോൺഗ്രസ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് പകുതിയോളമാണെന്നും സോണിയാ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്‌സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സർക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ലെന്നും കത്തിൽ പറയുന്നു.

എക്‌സസൈസ് തീരുവ ഭാഗികമായി പിൻവലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണം. ഒഴിവുകഴിവുകൾ നിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പരിഹാരങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സോണിയാ ഗാന്ധി കത്തിൽ നിർദേശിക്കുന്നു.