ഹോമിയോ ഡോക്ടറില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരമുണ്ടാക്കി ഡി.എം.ഒ

Jaihind News Bureau
Sunday, April 19, 2020

 

കാസർഗോഡ്: ലോക്ക്ഡൗണില്‍ ഡോക്ടറുടെ സേവനമില്ലാതെ കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.എം.ഒയുടെ ഇടപെടല്‍. കാസർഗോഡ് ജില്ലയിലെ ദേലം പാടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രിയിൽ ലോക്ക്ഡൗണിന് പിന്നാലെ ഡോക്ടർ ഇല്ലാത്തത് ജയ്ഹിന്ദ് ടി.വി വാർത്താ സംഘം ഹോമിയോ ഡി.എം.ഒയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മണിക്കൂറുകൾക്കകം തന്നെ ഡോക്ടറെ നിയമിച്ചുകൊണ്ട് ഡി.എം.ഒ ഡോ. രാമസുബ്രഹ്മണ്യം പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കി.

സ്ഥിരമായി ഹോമിയോ മരുന്നിനെ മാത്രം ആശ്രയിക്കുന്ന നിരവധി പേർ ലോക്ക്ഡൗൺ കാലത്തും ആശുപത്രിയിലെത്തി ചികിത്സ ലഭിക്കാതെ തിരിച്ച് പോകുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇക്കാര്യം ജയ്ഹിന്ദ് വാര്‍ത്താസംഘം ഡി.എം.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജില്ലയിൽ ഹോമിയോ ഡോക്ടർമാരുടെ കുറവുണ്ടെങ്കിലും ലോക്ക്ഡൗൺ കാലമായതിനാൽ രോഗികൾ ദുരിതത്തിലാകരുതെന്ന ഉദ്ദേശത്തോടെയാണ് അടിയന്തരമായി ഡോക്ടറെ നിയമിച്ചതെന്ന് ഡി.എം.ഒ പറഞ്ഞു.