കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തായി ഡി.കെ; ചങ്കിടിപ്പോടെ ബിജെപി

Jaihind News Bureau
Thursday, July 2, 2020

 

‘ഡി.കെ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡി.കെ ശിവകുമാർ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റെടുക്കുമ്പോള്‍ പാര്‍ട്ടി കര്‍ണാടകയിലെ കരുത്തിന്‍റെ വേദിയായി മാറി.  കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ കരുത്താണ് ഡി.കെ ശിവകുമാർ. ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാരെ ചേർത്തുപിടിച്ച നേതാവ്. ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രത്തില്‍ ശക്തമായ തിരിച്ചടി നല്‍കിയ നേതാവായിരുന്നു ഡി.കെ. ഇതു തന്നെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ കണ്ണിലെ കരടായി ഡി.കെ ശിവകുമാര്‍ മാറാന്‍ കാരണം.

കള്ളക്കേസില്‍ കുടുക്കി  ജയിലിലടച്ചാണ് ശിവകുമാറിനെ ബിജെപി വേട്ടയാടിയത്. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ജയില്‍ മോചിതനായ ശേഷം തന്‍റെ രാഷ്ട്രീയ തട്ടകത്തില്‍ കൂടുതല്‍ കരുത്തോടെയാണ് അദ്ദേഹം ബിജെപിയെ നേരിട്ടത്. പിസിസി അധ്യക്ഷനായി നിയമിതനായതോടെ പാര്‍ട്ടിയെ കൂടുതല്‍ ചലനാത്മകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കി. കൊവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളില്‍ എത്തിച്ചേരാന്‍ ബസ് സർവീസ് നടത്താന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിസമ്മതിച്ചപ്പോള്‍ ഒരു കോടി രൂപയാണ് യാത്രച്ചെലവായി  ഡി.കെയുടെ നേതൃത്വത്തില്‍ കര്‍ണാടക പി.സി.സി കൈമാറിയത്. ഇതോടെ സൗജന്യ സർവീസ് ഏർപ്പെടുത്താന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ നിർബന്ധിതരായി.

ഇത്തരത്തില്‍ കൊവിഡ് കാലത്ത് സജീവമായ ഇടപെടലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യമാണ്‌ ഇനി ശിവകുമാറിന് മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നിലേല്‍പ്പിച്ച ദൗത്യം നിറവേറ്റുമെന്ന ഉറച്ച തീരുമാനത്തിലാണ് ഡി.കെയും. ഒരുമിച്ച് മുന്നേറുമെന്നും വിജയിക്കുമെന്നുമായിരുന്നു അദ്ദേഹം പ്രവർത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കിയ ഉറപ്പ്.