കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം : ഡി.കെ ബ്രിജേഷ് കേരളത്തിന്‍റെ ചുമതലയുള്ള നിരീക്ഷകൻ

Jaihind Webdesk
Sunday, September 29, 2019

ന്യൂഡൽഹി: കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം കേരള ഘടകത്തിന്‍റെ ചുമതലയുള്ള നിരീക്ഷകനായി ഡി.കെ ബ്രിജേഷിനെ നിയമിച്ചു. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ നദീം ജാവേദാണ് നിരീക്ഷകനായി ബ്രിജേഷിനെ നിയമിച്ചത്.

സംസ്ഥാന ചെയര്‍മാന്‍ തലവനായ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം എല്ലാ സംസ്ഥാനങ്ങളിലും സജീവമാണ്. കേരളത്തിലെ നിലവിലുള്ള കമ്മിറ്റിയുടെ പുനഃസംഘടന അടക്കമുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയെന്നതാണ് ബ്രിജേഷിനെ ഏല്‍പിച്ചിരിക്കുന്ന ആദ്യ ദൗത്യം. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയാകും ബ്ലോക്ക് തലം മുതലുള്ള പുനഃസംഘന.

2015 മുതൽ കർണാടക ന്യൂനപക്ഷ വകുപ്പിന്‍റെ വൈസ് ചെയർമാനും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമാണ് ഡി.കെ ബ്രിജേഷ്. തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസറായും 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ഏകോപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.