1 ലക്ഷം മെന്‍സ്ട്രല്‍ കപ്പ് വിതരണം; മാതൃകാ യജ്ഞവുമായി ഹൈബി ഈഡന്‍ എംപി

Jaihind Webdesk
Friday, August 26, 2022

കൊച്ചി: ആർത്തവ ശുചിത്വ രംഗത്ത് വലിയ മാറ്റവും സുരക്ഷിതത്വ ബോധവും സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന മാതൃകാ യജ്ഞവുമായി എറണാകുളം എംപി ഹൈബി ഈഡന്‍. 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകളുടെ വിതരണം ഓഗസ്റ്റ് 31 ന് നടക്കും. എറണാകുളം പാർലമെന്‍റ് മണ്ഡല പരിധിയിലാണ് നടപ്പിലാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ പിന്തുണയോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചിയും എറണാകുളം ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണമാണിതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. 2018 ലെ പ്രളയകാലത്താണ് സാനിറ്ററി പാഡുകളുടെ ക്ഷാമവും സംസ്കരണവും സ്ത്രീകളെ എത്രത്തോളം ബാധിക്കുന്നുവെന്നത് തിരിച്ചറിഞ്ഞതെന്ന് ഹൈബി പറയുന്നു. ആർത്തവ ശുചിത്വ ബോധവത്ക്കരണം, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. ആർത്തവം, ലൈംഗിക ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ തുറന്നു പറയാനും ചർച്ച ചെയ്യാനുമുള്ള അവസരവും സൃഷ്ടിക്കപ്പെടുന്നു.

ആർത്തവ രക്തം ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഉൽപന്നമാണു മെൻസ്ട്രൽ കപ്പ്. പാഡ് ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് മൂലമുള്ള അസ്വസ്ഥത, അണുബാധ തുടങ്ങിയവ ഒഴിവാകുമെന്നതാണ് കപ്പിന്‍റെ പ്രസക്തി. ഒരു കപ്പ് ചുരുങ്ങിയതു നാലോ അഞ്ചോ വർഷം ഉപയോഗിക്കാം. ഗുണനിലവാരം ഉറപ്പാക്കുന്നത് ഐഎംഎയിലെ ഡോക്ടർമാരാണ്. ശരീരവുമായും രക്തവുമായും ഒരു പ്രതിപ്രവർത്തനവും നടത്താത്ത ഫ്ലക്സിബിൾ‍ മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് കപ്പ് നിർമിക്കുന്നത്. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. 4000 മെൻസ്ട്രൽ കപ്പുകളാണ് വിതരണം ചെയ്തത്. ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ രഹിത പഞ്ചായത്ത് എന്ന പദവിയും കുമ്പളങ്ങിക്ക് ലഭിച്ചു. പൈലറ്റ് പദ്ധതി വിജയിച്ചതോടെയാണ് എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലാകെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് 30ന് വൈകിട്ട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വേദികളിൽ കപ്പുകൾ കൈമാറും. 31-ന് രാവിലെ മുതൽ വൈകിട്ട് നാലുവരെ കപ്പുകൾ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ലുലു മാളിലെ പ്രത്യേക വേദിയിലാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ സമാപനച്ചടങ്ങ്.