റമസാനില്‍ ദുബായിലെ അണുനശീകരണം രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി : സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും 24 മണിക്കൂര്‍ തുറക്കാന്‍ അനുമതി

B.S. Shiju
Thursday, April 23, 2020

ദുബായ് : റമസാനോട് അനുബന്ധിച്ച്, ദുബായിലെ ദേശീയ അണുനശീകരണ പരിപാടിയുടെ സമയം, രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി മാറ്റി.  നേരത്തെ ഇത്, രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെയായിരുന്നു. ഇതോടൊപ്പം, സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും 24 മണിക്കൂര്‍ തുറക്കാനും ഉത്തരവായി.

ഇതിനിടെ, ദുബായിലെ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയത്തിന് ദുബായ് സാമ്പത്തിക മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. വിവിധ ഘട്ടംഘട്ടമായാണ് ഇളവ് അനുവദിക്കു. എന്നാല്‍, എന്നു മുതലാണ് ഈ ഇളവുകള്‍ ബാധകമാകുക എന്നത് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. ദുബായില്‍ ഷോപ്പിംഗ് നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.

#ഷോപ്പിങ് മാളുകളും സൂക്കുകളും ഒരു ദിവസത്തില്‍ 10 മണിക്കൂര്‍ സമയം പ്രവര്‍ത്തിക്കും.

#ഷോപ്പിങ് മാളുകളില്‍ പോകുന്നവര്‍, 3 മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പാടില്ല.

#പൊതുജനം കൂടുന്ന എല്ലാതരം പരിപാടികള്‍ക്കും കടുത്ത നിയന്ത്രണം തുടരും.

#പരമാവധി സ്മാര്‍ട്ട് പേയ്മെന്റുകള്‍ നടത്താന്‍ തയ്യാറാകണം. കറന്‍സികള്‍ കൈമാറിയുള്ള പേയ്‌മെന്റുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്.

#ദുബായ് വാട്ടര്‍ഫൗണ്ടന്‍ പോലുള്ള എല്ലാ വിനോദ പരിപാടികളും, അടച്ചിടും. ഷോപ്പിങ് മാളിന് അകത്തെ, വിനോദ പരിപാടികള്‍ ഉണ്ടാകില്ല.

#സാമൂഹിക അകലം പാലിക്കല്‍ എന്ന നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍.

#ഷോപ്പിങ് മാളിന് അകത്തെ, വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലം,  75 ശതമാനവും അടച്ചിടും. അനാവശ്യ രീതിയിലുള്ള വാഹന തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഈ നടപടി.

#വാലെ പാര്‍ക്കിംഗ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

#മാളിന് അകത്ത് പോകുന്ന സന്ദര്‍ശകര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. അല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കാനും നിയമത്തില്‍ വ്യവസ്ഥ.

#എലിവേറ്ററുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ തിരക്ക് പാടില്ല.

#വ്യാപാര സ്ഥാപനങ്ങളിലും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഇത് ഉറപ്പാക്കേണ്ടത്, ഷോപ്പിങ് മാള്‍ മാനേജുമെന്റുകളുടെ ഉത്തരവാദിത്വമാണ്.

#ഓരോ സ്ഥാപനങ്ങളിലും നിശ്ചിത ശതമാനം സ്‌പേയ്‌സ് ഒഴിച്ചിടണം.

#ഭക്ഷണം വിളമ്പുന്ന ഔട്ട്‌ലെറ്റുകളില്‍ ഇരിപ്പിടങ്ങള്‍ക്ക് ക്രമീകരണത്തിന് നിയന്ത്രണം തുടരും. അതിനാല്‍, ഇരിപ്പിടങ്ങള്‍ തമ്മില്‍ നിശ്ചിത അകലം നിര്‍ബന്ധമായി പാലിച്ചിരിക്കണം.

#ഭക്ഷണം വിളമ്പുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍, ചുവപ്പ് ടാഗ് തൂക്കി ഇടണം. ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച്, തിരക്ക് നിയന്ത്രിക്കാന്‍ ഇത് സഹായകരമാകും.