നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. നന്മ മാത്രം ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ശ്രീകുമാർ മേനോൻ പ്രതികരിച്ചു. ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിൽ തൃശൂർ പോലീസ് ക്ലബിൽ വെച്ച് ശ്രീകുമാർ മേനോനെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്ത് രണ്ട് പേരുടെ ജാമ്യത്തിൽ വിട്ടയച്ചത്.
നടി മഞ്ജു വാര്യർ ഡി.ജി.പിക്ക് നൽകിയ പരാതിയോടെയാണ് കേസിന്റെ തുടക്കം. രണ്ടു വർഷമായി തന്റെ അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ അപമാനിക്കുന്നുവെന്നായിരുന്നു പരാതി. തന്റെ ലെറ്റർ പാഡും ചെക്ക് ലീഫും ഉൾപ്പെടെയുള്ള രേഖകൾ ശ്രീകുമാർ മേനോന്റെ കൈവശം ഉണ്ടെന്നും ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മഞ്ജു പരാതിയിൽ പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണെന്നും മഞ്ജു വാര്യർ ഡി.ജി.പിയെ നേരിൽ കണ്ട് അറിയിച്ചു. തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും റെയ്ഡും നടത്തി. ഇതിനിടെ മഞ്ജു വാര്യർ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻപാകെ രഹസ്യ മൊഴിയും നൽകി.