ആർക്കും വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല : മഞ്ജു വാര്യർ ഫൗണ്ടേഷൻ

Jaihind Webdesk
Monday, July 15, 2019

ആദിവാസികൾക്ക് വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച കേസില്‍ ആർക്കും വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ. സാമ്പത്തിക ഭദ്രത ഇല്ലെന്നും ഫൗണ്ടേഷൻ വയനാട് ലീഗൽ സർവീസ് അതോറിറ്റിക്ക് മുമ്പാകെ അറിയിച്ചു.

വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു വെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ ഹാജരായില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. പട്ടികവര്‍ഗ്ഗ സമൂഹത്തില്‍പ്പെട്ട കോളനിക്കാര്‍ക്ക് വീടുകള്‍ നിർമിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അത്തരമൊരു കരാറോ രേഖയോ അറിയിപ്പോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും അഭിഭാഷകന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ അറിയിച്ചു.

അര്‍ഹരായ ഗുണഭോക്താക്കളെ സര്‍വ്വേ നടത്തി കണ്ടെത്തുന്നതിന് പുഷ് ഇന്‍റഗ്രേറ്റഡ് കമ്മ്യുണിക്കേഷനെ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ആദിവാസി കോളനിയായതിനാല്‍ സര്‍വ്വേ നടത്തുന്നതിന് ജില്ലാ കലക്ടറുടെ അനുമതിയും തേടിയിരുന്നു. മാത്രമല്ല പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ അറിവോടെ സര്‍വ്വേ നടത്താന്‍ കലക്ടര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. സര്‍വ്വേയ്ക്കായി കോളനിയിലെത്തിയപ്പോള്‍ സാധ്യത ലിസ്റ്റാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും കോളനി നവീകരണം എന്നത് ഉറപ്പുള്ള കാര്യമല്ലെന്നും കോളനിവാസികളെ പുഷ് ഇന്‍റഗ്രേറ്റഡ് കമ്യുണിക്കേഷന്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിനിടെ മഞ്ജു വാര്യര്‍ കോളനി ദത്തെടുത്തതായി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ അഭിഭാഷകന്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ ബോധിപ്പിച്ചിരിക്കുന്നത്.

പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയെന്നും എന്നാൽ ഇതുവരെ പാലിച്ചില്ലെന്നുമാണ് കോളനി നിവാസികളുടെ പരാതി. തുടർന്നാണ് കഴിഞ്ഞ ദിവസം വയനാട് ലീഗൽ സർവ്വീസ് അതോറിറ്റിക്ക് മുമ്പാകെ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്.