ലേ – മണാലി പാത ഗതാഗതയോഗ്യമായി; ചിത്രീകരണം പൂർത്തിയാകാത്തതിനാൽ മഞ്ജു വാര്യരും സംഘവും ഇന്ന് മടങ്ങില്ല

Jaihind News Bureau
Wednesday, August 21, 2019

ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ നടി മഞ്ജു വാര്യരും സംഘവും ഇന്ന് മടങ്ങില്ലെന്ന് അണിയറ പ്രവർത്തകർ. റോഡ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂർത്തിയാകാത്തതിനാൽ ബേസ് ക്യാമ്പിലേക്കില്ലെന്നാണ് വിവരം. ലേ – മണാലി പാത ഗതാഗതയോഗ്യമായതോടെ ഛത്രുവില്‍ ഇവര്‍ക്കൊപ്പം കുടുങ്ങിക്കിടന്ന മറ്റുള്ളവര്‍ മണാലിയിലേയ്ക്ക് എത്തിത്തുടങ്ങി. ഇരുപത്തിരണ്ട് കിലോമീറ്റർ അകലെയുള്ള ബേസ് ക്യാംപിലേക്ക് നടന്ന് മാത്രമേ എത്താന്‍ കഴിയുകയുള്ളു. അവശരായവര്‍ക്കായി സ്ട്രെച്ചര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഷൂട്ടിങ്ങിന്‍റെ ഭാഗമായാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും മഞ്ജു വാര്യരും അടക്കം മുപ്പതോളം പേര്‍ അടങ്ങുന്ന സംഘം ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവർ ഹിമാചലിൽ ഉണ്ട്.

ചോലയ്ക്കു ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.