സിപിഎമ്മിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ആഷിക് അബു; പാര്‍ട്ടിക്കും ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

Jaihind News Bureau
Sunday, November 3, 2019

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പൊലീസ് ക്രിമിനലുകളുടേയും ബ്യൂറോക്രാറ്റുകളുടേയും മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് ആഷിക് അബു പറയുന്നു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. വാളയാറിലെ പെണ്‍കുട്ടികളുടെ കേസ്, മാവോയിസ്റ്റ് വേട്ട, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് കെഎം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് തുടങ്ങിയ സംഭവങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍റെ വിമര്‍ശനം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം:

വാളയാർ കേസിലും, മാവോയിസ്റ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്‍റെ മൂക്കിന് താഴെ ഐഎഎസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.