‘നട്ടെല്ലില്ല എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് അതൊരു പ്രശംസയാകും’ ; കനയ്യ വിഷയത്തില്‍ കെജ്‌രിവാളിനും ആം ആദ്മിക്കുമെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് കശ്യപ്

Jaihind News Bureau
Saturday, February 29, 2020

കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തി. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് കെജ്‌രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് കശ്യപ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അനുരാഗിന്‍റെ വിമർശനം.

‘മഹാനായ കെജ്‌രിവാള്‍ ജി… നിങ്ങളോട് എന്ത് പറയാനാണ്… നട്ടെല്ലില്ലാത്തവനെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്കൊരു പ്രശംസയാകുകയേ ഉള്ളൂ… കാരണം നിങ്ങള്‍ക്ക് അതില്ല… ആം ആദ്മിക്കും അത് തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വിറ്റത്?’ – അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസമില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വ്യാപക വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 2016 ഫെബ്രുവരിയിൽ ജെ.എൻ.യു ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ആയിരുന്ന കനയ്യ കുമാർ, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെ.എൻ.യു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കനയ്യയും സുഹൃത്തുക്കളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. എന്നാല്‍ ഇവർക്കെതിരായ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടി.വി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സീ ന്യൂസ്, ന്യൂസ് എക്‌സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടർന്ന് കനയ്യ കുമാർ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. പിന്നീട് കനയ്യ കുമാർ മോദി സർക്കാരിന്‍റെയും ബി.ജെ.പിയുടെയും മുഖ്യ വിമർശകരിൽ ഒരാളായി മാറി. ഇപ്പോള്‍ ബിഹാറിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വവും കനയ്യ കുമാറിനായിരുന്നു. റാലിക്കിടെ പലയിടത്തും കനയ്യയും സംഘവും ആക്രമിക്കപ്പെട്ടിരുന്നു.

അതേസമയം ഡല്‍ഹി സര്‍ക്കാരിന് നന്ദി എന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. തന്‍റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. കനയ്യയുടെ ട്വീറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് കെജ്‌രിവാളിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും അനുരാഗ് കശ്യപ്  രൂക്ഷ വിമർശനം നടത്തിയത്.