ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല; വാദം നാളെയും തുടരും

Jaihind Webdesk
Thursday, February 3, 2022

 

കൊച്ചി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. കേസ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് പുതിയ കേസെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ ഇല്ലാത്തതും എഫ്ഐആറില്‍ ഉണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. പള്‍സര്‍ സുനിയില്‍ നിന്ന് ഒന്നും ലഭിക്കാത്തനാല്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി വളച്ചൊടിക്കുകയായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ മൊഴികള്‍ വിശ്വസിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ബാലചന്ദ്രകുമാർ നല്‍കിയ മൊഴിയിലും എഫ്ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

ദിലീപ് രണ്ടു പേരുടെ പേരുകള്‍ പറഞ്ഞ് അവര്‍ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതില് മൂന്ന് പേരുകൾ ചേർക്കുകയാണ് ചെയ്തത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ബി രാമന്‍പിള്ള ചോദിച്ചു. കേസിലെ പ്രധാന തെളിവായ സംഭാഷണം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിംഗ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ്ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്. ഒടുവിൽ പൊലീസിന് കൈമാറിയ പെൻ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണ്. സംഭാഷണങ്ങളിൽ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്.

ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. തന്നെ ഒരു ഉദ്യോഗസ്ഥനും മർദ്ദിച്ചിട്ടില്ലെന്നും പിന്നെ താൻ എന്തിനാണ് കൈവെട്ടുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. കേസിലെ പ്രതിഭാഗം വാദം മാത്രമാണ് ഇന്ന് നടന്നത്. പ്രോസിക്യൂഷൻ വാദം നാളെ ഉച്ചയ്ക്ക് 1.45 ന് കോടതിയിൽ തുടരും.