നടിയെ തട്ടിക്കൊണ്ടുപോയി പകർത്തിയ ദൃശ്യങ്ങൾ കോടതി പ്രതിയായ നടൻ ദിലീപിനെ വ്യാഴാഴ്ച കാണിക്കും. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്‍റെ പേര് പ്രതിഭാഗം കോടതിക്കു കൈമാറിയിരുന്നു.
ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശം നൽകുകയായിരുന്നു. അതേസമയം, പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്‍റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെ സ്‌പെഷൽ പ്രോസിക്യൂട്ടർ എതിർത്തു. സാങ്കേതിക വിദഗ്ധന്‍റെ വിവരം പ്രോസിക്യൂഷനു കൈമാറാൻ അഡിഷണല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകി. ദിലീപിന്‍റെ ഈ ഹർജിയിലും 3 സാങ്കേതിക വിദഗ്ധരെ അനുവദിക്കണമെന്ന ഹർജിയിലും കോടതി വ്യാഴാഴ്ച വിധി പറയും.
ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന ഹർജിയും ദിലീപ് ഇന്നലെ സമർപ്പിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ ദിവസങ്ങൾ നീക്കിവയ്ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.