നിരപരാധികളായ മുസ്ലീങ്ങളെ ഉപദ്രവിച്ച ബിജെപി നേതാക്കളെ സ്ഥാനമാനങ്ങളിൽ നിന്നും നീക്കം ചെയ്യുമോ ?; ദിഗ് വിജയ് സിംഗ്

Jaihind Webdesk
Tuesday, July 6, 2021

ന്യൂഡൽഹി : എല്ലാ ഇന്ത്യക്കാരുടേയും ഡിഎൻഎ ഒരേപോലെയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭ​ഗവതിന്റെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ദിഗ് വിജയ് സിം​ഗ്. ഭ​ഗവതിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിരപരാധികളായ മുസ്ലീങ്ങളെ ഉപദ്രവിച്ച ബി.ജെ.പി നേതാക്കളെയെല്ലാം അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഭ​ഗവത് അങ്ങനെ ചെയ്യില്ല. ഒരേ ഡി.എൻ.എ ഉളളപ്പോൾ എന്താണ് ‘ലൗ ജിഹാദ്’ എന്നും സിം​ഗ് ചോദിച്ചു.

ഭ​ഗവത് ജി ഈ ആശയം നിങ്ങളുടെ ശിഷ്യൻമാർക്കും, പ്രചാരകൻമാർക്കും, വിശ്വഹിന്ദു പരിഷദ്/ബ്ജ്രം​ഗിദൾ പ്രവർത്തകർക്കും മോദി-ഷാ എന്നിവർക്കും നൽകുമോ? ഇക്കാര്യം ബി.ജെ.പി. നേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിം​ഗ് പ്രതികരിച്ചു. നിങ്ങൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിർ മുതൽ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.