‘വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത് അദാനിയെ പേടിച്ചിട്ടോ? എന്‍ഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടും സര്‍ക്കാരിന് ക്രൂരമായ നിലപാട്’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, October 18, 2022

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളോടും അവര്‍ക്കു വേണ്ടി പോരാടുന്ന ദയാബായിയോടും സര്‍ക്കാര്‍ ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമരം തീര്‍ക്കാന്‍ വേണ്ടി കബളിപ്പിക്കുന്ന തരത്തിലുള്ള രേഖയാണ് ദയാബായിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പോയ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരത്തില്‍ തലസ്ഥാന നഗരി സ്തംഭിച്ചെങ്കില്‍ കുറ്റക്കാരന്‍ മുഖ്യമന്ത്രിയാണ്. സമരക്കാരുമായി സംസാരിക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയാണ് കുറ്റക്കാരന്‍. അദാനിയെ പേടിച്ചിട്ടാണോ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകാത്തതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ചോദിച്ചു.

 

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

 

എന്‍ഡോസള്‍ഫാന്‍ ഇരകളോടും അവര്‍ക്കു വേണ്ടി പോരാടുന്ന ദയാബായിയോടും സര്‍ക്കാര്‍ ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നത്. സമരം തീര്‍ക്കാന്‍ വേണ്ടി കബളിപ്പിക്കുന്ന തരത്തിലുള്ള രേഖയാണ് ദയാബായിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പോയ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് കാര്യമായ ധാരണയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് സമരസമിതി ഉന്നയിക്കുന്നത്. ഇതിന് വേണ്ടിയാണ് പുതുതായി അനുവദിക്കുന്ന എയിംസ് ആശുപത്രിയില്‍ കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. നിലവിലുള്ള ആശുപത്രികളില്‍ ന്യൂറോ സംവിധാനം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് നടത്തി പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2017 ന് ശേഷം പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തിയിട്ടില്ല. പുതിയ ഇരകള്‍ ഉണ്ടാകുകയും മരിക്കുകയും ചെയ്യുകയാണ്. മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതില്‍ സര്‍ക്കാരിന് എന്താണിത്ര മടി? ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള ഡേ കെയര്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം അവഗണിച്ച് നോക്കാം, പരിഗണിക്കാം എന്നൊക്കെയാണ് മന്ത്രിമാര്‍ പറയുന്നത്. ദയാബായിയെ പോലെ ഒരാള്‍ മഴയും വെയിലും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 16 ദിവസം കിടന്ന ശേഷം മാത്രമാണ് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് എത്തിയത് അപമാനകരമാണ്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എന്‍ഡോസള്‍ഫാന്‍ ഇരകളോട് മനുഷ്യത്വഹീനമായ നടപടിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. സമരത്തിന് പിന്തുണ നല്‍കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും.

മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ വാക്കാല്‍ കൊടുത്ത ഉറപ്പുകളെല്ലാം എഴുതിക്കൊടുത്ത രേഖയില്‍ നിന്നും ഒഴിവാക്കിയത് കബളിപ്പിക്കലാണ്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമരമല്ല ദയാബായി നടത്തുന്നത്. പാവങ്ങള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള സമരമാണത്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒരു നഷ്ടവും ഇല്ലാതെ സര്‍ക്കാരിന് നടപ്പാക്കാവുന്നതേയുള്ളൂ. രണ്ട് മാസം മുന്‍പ് പരാതി നല്‍കിയാല്‍ മെഡിക്കല്‍ ക്യാമ്പ് നടത്താമെന്നാണ് മന്ത്രി പറയുന്നത്. രണ്ട് മാസം മുന്‍പ് എങ്ങനെയാണ് പരാതി നല്‍കുന്നത്. 2017 ന് മുന്‍പുള്ളവരുടെ ലിസ്റ്റ് സര്‍ക്കാരിന്റെ കൈവശമുണ്ട്. പുതുതായി വരുന്ന ഇരകളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ എന്ത് തടസമാണുള്ളത്. അഞ്ച് വര്‍ഷമായി നടക്കാത്ത മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രണ്ട് മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് പറയുന്നത് എങ്ങനെ സാധിക്കും.

എന്‍ഡോസള്‍ഫാന്‍ ഇരകളെ ‘എത്ര കിട്ടിയാലും മതിയാകാത്തവര്‍’ എന്ന് അധിക്ഷേപിച്ച ഉദുമ എംഎല്‍എയുടെ നിലപാട് മനുഷ്യത്വഹീനമാണ്. ഇതൊന്നും ശരിയായ സമീപനമല്ല. എന്ത് ചികിത്സയാണ് ജില്ലയിലുള്ളതെന്ന് എം.എല്‍.എ വ്യക്തമാക്കണം. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പോകാന്‍ പറ്റാതെ 20 പേര്‍ മരിച്ച ജില്ലയാണ്. ജനപ്രതിനിധികള്‍ കൂടി മുന്‍കൈയെടുത്ത് കൂടുതല്‍ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. മികച്ച ചികിത്സാ സംവിധാനം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് അല്ലാതെ ഔദാര്യമല്ല. എല്ലാം രാഷ്ട്രീയമായി കാണുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്?

കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന അഴിമതി സംബന്ധിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. ദുരന്തനിവാരണ നിയമം അനുസരിച്ച് തോന്നിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനാകുമെന്ന വാദമാണ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നടപടിയെന്നാണ് സര്‍ക്കാരിന്റെ ഈ വാദത്തോട് ലോകായുക്ത പ്രതികരിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന തരത്തിലുള്ള അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയത്. അത് മൂടി വയ്ക്കാനുള്ള ശ്രമവും നടത്തി. അഴിമതി സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും.

വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് തലസ്ഥാനനഗരി സ്തംഭിച്ചതിന്, സമരക്കാരുമായി സംസാരിക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയാണ് കുറ്റക്കാരന്‍. അദാനിയെ പേടിച്ചിട്ടാണോ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകാത്തത്? പുനരധിവാസം ആവശ്യപ്പെട്ടാണ് സമരം. ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. വിഴിഞ്ഞം വിഷയം പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചതാണ്. പക്ഷെ സമരക്കാരുമായി സംസാരിക്കില്ലെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. അവരുമായി സംസാരിച്ചാല്‍ എന്താണ് ഊര്‍ന്ന് പോകുന്നത്? തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ തീരശോഷണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം. ഇവരുടെ പുനരധിവാസത്തിനായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 471 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. അതില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അദാനിക്കൊപ്പം നിന്ന് തുറമുഖ നിര്‍മ്മാണം കൊണ്ടല്ല തീരശോഷണം ഉണ്ടാകുന്നതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമരത്തിന് യു.ഡി.എഫ് നേരത്തെ തന്നെ പിന്തുണ നല്‍കിയിട്ടുണ്ട്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.