ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ്; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

Jaihind Webdesk
Saturday, November 26, 2022

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്. വീട് പുറമ്പോക്കിലാണെന്ന് വിശദീകരിച്ചാണ് റവന്യൂ വകുപ്പ് അയച്ച നോട്ടീസ് ദേവികുളം സബ് കളക്ടറുടെ പേരിലാണ് . ഏഴു ദിവസത്തിനകം വീട് ഒഴിയണം എന്നാണ്  നിര്‍ദേശം. മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്‍റ് പുരയിടത്തിലാണ് രാജേന്ദ്രന്‍ താമസിക്കുന്നത്‌,  എസ് രാജേന്ദ്രന്‍ വീട് ഒഴിഞ്ഞില്ലെങ്കില്‍ പൊലീസിന്‍റെ സഹായം തേടുമെന്നും നോട്ടീസിലുണ്ട്. സഹായം ആവശ്യപ്പെട്ട് ഇടുക്കി എസ് പിക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ വീട് ഒഴിയാനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് എസ്.രാജേന്ദ്രന്‍ ആരോപിച്ചു.  നോട്ടീസിനെ നിയമപരമായി നേരിടും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യക്തമാണെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട് ഒഴിഞ്ഞുപോകാൻ തത്കാലം തീരുമാനിച്ചിട്ടില്ല. 10 സെന്‍റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണ്. ഈ പ്രദേശത്തുള്ള 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ തനിക്ക് മാത്രമാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. മറ്റെല്ലാവരും കൈയ്യേറിയത് കെഎസ്ഇബി ഭൂമിയാണെന്നാണ് നോട്ടീസിൽ എഴുതിയിരിക്കുന്നത് തന്‍റേത് മാത്രം സർക്കാർ പുറമ്പോക്ക് എന്നെഴുതിയതിൽ ഗൂഢാലോചനയുണ്ടെന്നും രാജേന്ദ്രൻ ആരോപിച്ചു. ഒരു മാസം മുമ്പ് എം.എം മണി മൂന്നാറിൽ നിന്നും തന്നെ ഓടിക്കുമെന്ന് പൊതുസമ്മേളനത്തിൽ ഭീഷണി മുഴക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം രാജേന്ദ്രന് പിന്തുണയുമായി സി.പി.ഐ. രംഗത്തെത്തി.രാജേന്ദ്രനെ എന്നല്ല ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു.  തുടർന്ന് തൽക്കാലം ഒഴിപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ, താൽക്കാലികമായി നടപടി നിർത്തിവച്ചതായി ദേവികുളം തഹസീൽദാർ അറിയിച്ചു.