ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ശങ്കർദാസ്

Jaihind Webdesk
Saturday, October 20, 2018

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയാൽ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസ്. ആചാരങ്ങൾ ലംഘിച്ചാൽ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും ബോർഡംഗം വ്യക്തമാക്കി. തന്ത്രിമാർ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാൻ കഴിയണം. പരികർമികളുടെ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും ശങ്കർദാസ് പറഞ്ഞു. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതി വിധി. ആ വിധി അംഗീകരിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ടെന്നും അല്ലാതെ തോന്നുമ്പോൾ നടയടച്ച് പോകാൻ പറ്റില്ലെന്നും ശങ്കർദാസ് പ്രതികരിച്ചു. പൂജയിൽ മേൽശാന്തിമാരെ സഹായിക്കാൻ വേണ്ടിയാണ് പരികർമ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചുട്ടുള്ളതെന്നും
അദ്ദേഹം അറിയിച്ചു.

അതിനിടെ ആചാരം ലംഘിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി രംഗത്തെത്തി. ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. നടയടച്ചിടാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ മാളികപ്പുറം മേൽശാന്തി പരികർമ്മികൾക്കും പിന്തുണ അർപ്പിച്ചു. പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തിൽ ആർക്കെതിരെയും നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലെന്നും അനീഷ് നമ്പൂതിരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ കനത്ത സുരക്ഷാസംവിധാനങ്ങൾ ഇന്നും തുടരും. നിരോധനാജ്ഞ 22 വരെ തുടരാൻ ജില്ലാകളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കർശനമായ സുരക്ഷയും വാഹനപരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഇലവുങ്കലിൽ നിന്ന് കർശനപരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ നിലയ്ക്കലിലേക്ക് വിടുന്നത്. 12 യുവതികൾ ഇന്ന് ക്ഷേത്രസന്ദർശനത്തിനെത്തുമെന്നതിൽ കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. കോഴിക്കോട് നിന്ന് സ്ത്രീകളുടെ 30 അംഗ സംഘം ശബരിമലക്ക് തിരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷമാണ് സന്നിധാനത്തുള്ളത്.[yop_poll id=2]