സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന്‍റെ ‘പരസ്യ’ ധൂർത്ത്; വാർഷികാഘോഷത്തിന്‍റെ ഭാഗമായി തിയേറ്റർ പരസ്യത്തിന് പൊടിച്ചത് 45.5 ലക്ഷം രൂപ

Jaihind Webdesk
Wednesday, February 22, 2023

 

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ധൂർത്ത് തുടർന്ന് സർക്കാർ. സംസ്ഥാന സർക്കാരിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി തിയേറ്റർ പരസ്യം നൽകിയതിന് രണ്ട് പരസ്യ ഏജൻസികൾക്ക് സർക്കാർ 45.5 ലക്ഷം രൂപ അനുവദിച്ചു.

10 ലക്ഷത്തിന് മുകളിൽ ഉള്ള ചെക്ക് മാറുന്നതിന് പ്രത്യേക അനുമതി വേണമെന്ന് നിഷ്കർഷിച്ച് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവസ്ഥ കൂപ്പ് കുത്തിയിരിക്കുന്ന സാഹചര്യത്തിലും സർക്കാർ ധൂർത്ത് തുടരുകയാണ്. 2022-23 സാമ്പത്തിക വർഷം സംസ്ഥാന മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ട് തിയേറ്റർ പരസ്യം നല്‍കിയ വകയിലാണ് രണ്ട് തിയേറ്റർ പരസ്യ ഏജൻസികൾക്ക് സർക്കാർ പണം അനുവദിച്ചത്. ഈ മാസം 14 നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

പൊതുജന സമ്പർക്ക വകുപ്പ് മുഖേന സംസ്ഥാന മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ടാണ് സർക്കാർ തിയേറ്റർ പരസ്യം നല്‍കിയത്. പരസ്യ ഏജൻസികളായ ക്യൂബ് സിനിമാ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് 24,44,974 രൂപയും യുഎഫ് മൂവീസിന് 21,11,892 രൂപയും ചേർത്ത് ആകെ 45,56,866 രൂപയാണ് അനുവദിച്ചത്. സർക്കാരിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തന്നെ പണമില്ലാത്ത സാഹചര്യത്തിലാണ് പരസ്യത്തിനായി സർക്കാർ ധൂർത്ത് തുടരുന്നത്.