ജനാധിപത്യം വെല്ലുവിളി നേരിടുന്നു; ഉണർന്നു പ്രവര്‍ത്തിക്കേണ്ടത് ഓരോ കോണ്‍ഗ്രസുകാരന്‍റേയും കടമ: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Saturday, July 23, 2022

കോഴിക്കോട്: നമ്മുടെ ജനാധിപത്യസംവിധാനത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിലും ഇന്ത്യയിലും നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ത്യയിലെയും കേരളത്തിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. മതേതരത്വത്തിന്‍റെ അന്തസത്തയെ ചോദ്യം ചെയ്യുകയാണ് ഇന്ത്യയിലെ ഭരണകൂടം. ഇത് രാജ്യത്തിന്‍റെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ്.

ഈ സാഹചര്യത്തിൽ അവസരത്തിനൊത്ത് ഉയരേണ്ടത് ഓരോ കോൺഗ്രസുകാരന്‍റെയും കടമയും ഉത്തരവാദിത്വവുമാണ്. അതിന് ശക്തമായ തീരുമാനങ്ങൾ ഈ ശിബിരത്തിലുണ്ടാവും. അത് വിജയകരമായി നടപ്പിലാക്കാൻ പ്രതിജ്ഞയെടുത്ത് വേണം ഇവിടെനിന്ന് ഓരോരുത്തരും മടങ്ങേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി ഓർമ്മിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം ഒരു വലിയ വിജയമായിത്തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.