കനത്ത പുകമഞ്ഞിൽ ഡൽഹിയിലെ ജനജീവിതം ദുസഹമായി. പുക മഞ്ഞും മലിനീകരണവും കൂടിയതോടെ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു. പുകമഞ്ഞ് വിമാന സർവ്വീസുകളെ കാര്യമായി ബാധിച്ചു. ഡൽഹിയിലെ വ്യവസായശാലകൾ പൂട്ടാനും ഉത്തരവായി.
കനത്ത പുകമഞ്ഞില്‍ ഹരിയാനയിലെ ജജ്ജറില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേർ മരിച്ചു. ഡല്‍ഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന റോഹ്തക്- റിവാഡി ഹൈവേയിലാണ് അപകടമുണ്ടായത്. ഇതില്‍ ഒരു സ്കൂള്‍ ബസും ഉള്‍പ്പെട്ടെങ്കിലും അതിലുള്ളവര്ക്കാര്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പുകമഞ്ഞില്‍ കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ദേശീയപാത 71ല്‍ ബാദ്ലി മേല്‍പ്പാലത്തില്‍ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനു പിന്നാലെ പത്ത് വാഹനങ്ങള്‍ ഒരേസമയത്ത് കൂട്ടിയിടിക്കുകയായിരുന്നു.ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ നടന്ന മറ്റൊരു അപകടത്തില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇതില്‍ പരിക്കേറ്റ പത്തു പേരുടെ നില ഗുരുതരമാണ്. ജജ്ജര്‍ കിദ്രോത് ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ നജഫ്ഗഡിലേക്കു ജീപ്പില്‍ എത്തിയവരാണ് മറ്റൊരു അപകടത്തില്‍ മരണമടഞ്ഞത്. വളരെ വേഗത്തിലെത്തിയ ട്രക്കുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെയും കാഴ്ചപരിധി കുറഞ്ഞതു മൂലമാണ് അപകടമുണ്ടായത്.
മറ്റൊരു അപകടത്തില്‍ ഹരിയാന മുന്‍ ആരോഗ്യ മന്ത്രി സത്യനാരായണ്‍ ലാത്തര്‍ മരിച്ചു. അജ്ഞാത വാഹനമിടിച്ചാണ് ഇദ്ദേഹം മരിച്ചത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ മിക്കയിടത്തും പുകമഞ്ഞ് വ്യാപകമായിട്ടുണ്ട്. മുന്‍ വര്ഷങ്ങളിലെതിനെ അപേക്ഷിച്ച് വളരെ രൂക്ഷമായ തണുപ്പാണ് മിക്കയിടത്തും. ഹരിയാനയിലെ കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ 3.4 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ അതിശൈത്യത്തിനൊപ്പം അന്തരീക്ഷ മലിനീകരണവും ഗുരുതരമായതോടെ ജനജീവിതം ദുസ്സഹമായി.
അതേസമയം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യവസായ ശാലകളുടെ പ്രവര്‍ത്തനവും നിര്‍മാണ പ്രവൃത്തികളും നിത്തിത്തിവെക്കാന്‍ അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണവും പുകമഞ്ഞും അപകടകരമായ നിലയിലെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം.
വാസിപുര്‍ മുണ്ട്ക, നരേല, ബവാന, സാഹിബാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവില്‍ പറയുന്നു.കനത്ത പുകമഞ്ഞു മൂലം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചു. പുകമഞ്ഞ് മൂലം റണ്‍വേ കാണാത്തതാണ് കാരണം.വിമാനം സുരക്ഷിതമായി യാത്ര തുടങ്ങണമെങ്കില്‍ കുറഞ്ഞത് 125 മീറ്റര്‍ എങ്കിലും കാഴ്ച വേണം. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് രാവിലെ മുതല്‍ ശക്തമായ പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.