ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് ലോ കോളേജ് പരിസരത്തെ കാട്ടില്‍

Jaihind Webdesk
Sunday, January 30, 2022

കോഴിക്കോട് : ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഇന്നലെ രാത്രിയോടെ കണ്ടെത്തി. ലോ കോളേജ് പരിസരത്ത് കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി . വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് വൈകുന്നേരം  പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.

ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു രണ്ട് പ്രതികളിൽ ഒരാളായ ഫെബിൻ റാഫി ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്. തുടർന്ന് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലുടനീളം അന്വേഷണം നടത്തുകയായിരുന്നു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി പോലിസ് സ്റ്റേഷനിലെ കുറ്റിക്കാട് വരെ അരിച്ചുപെറുക്കി. ഇതിനിടെ ഒരാൾ ഓടി വരുന്നത് കണ്ട കോഴിക്കോട് ലോ കോളേജിലെ കുട്ടികളാണ് പൊലീസിൽ വിവരം അറിയിച്ചത്.കോളേജ് പരിസരത്തെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.

വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പോലീസ് സ്റ്റേഷന്‍റെ പിന്‍വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത് . സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ചാടിപ്പോയതിൽ പോലീസിന്‍റെ സുരക്ഷ വീഴ്ച ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ്‌ ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.