ദീപു രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്‍റെ ധാര്‍ഷ്ട്യത്തിന്‍റെ ഇര: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, February 19, 2022

കൊച്ചി: വളരെ ക്രൂരവും ദൗർഭാഗ്യകരവുമായ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നത്. രാഷ്ട്രീയ വിരോധത്തിന്‍റെ പുറത്ത് ഒരു പാവം പട്ടികജാതി ചെറുപ്പക്കാരനാണ് കൊല ചെയ്യപ്പെട്ടത്. അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യണമെന്ന നിരന്തരമായ സമീപനമാണ് ഈ കൊലപാതകത്തിൽ എത്തിച്ചത്. വിളക്കണയ്ക്കൽ സമരത്തിന് അയൽപക്കക്കാരെ പ്രേരിപ്പിച്ചതിന്‍റെ പേരിലാണ് ദീപു ക്രൂരമായ മർദ്ദനത്തിന് വിധേയമായത്. അക്രമിക്കപ്പെട്ടവന് ആശുപത്രിൽ പോലും പോവാൻ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധം നിരന്തരമായ ഭീഷണിയാണ് നേരിട്ടത്. ഗുരുതരമായ ഈ മർദ്ദനത്തിന്‍റെ ഭാഗമായാണ് ദീപു മരണപ്പെട്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതാണ്. ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്‍റെ ധാർഷ്ട്യത്തിന്‍റെയും ധിക്കാരത്തിന്‍റെയും അവസാനത്തെ രക്തസാക്ഷിയാണ് ദീപു. സിപിഎം ജില്ലാ കമ്മിറ്റി ഈ കൊലപാതകവുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്ന് പറയുന്നത് ഇന്നത്തെ ഏറ്റവും വലിയ തമാശയാണ്. സിപിഎം നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഈ പ്രദേശത്ത് സമാധാനം സംരക്ഷിക്കപ്പെടണം. കോൺഗ്രസും യുഡിഎഫും അതിന് നേതൃത്വം നൽകും. കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.