തലയ്ക്ക് മുകളില്‍ കടം, ധൂർത്തിന് പഞ്ഞവുമില്ല! 3,000 കോടി കൂടി കടമെടുക്കാന്‍ സർക്കാർ

Jaihind Webdesk
Saturday, August 27, 2022

 

തിരുവനന്തപുരം: സർക്കാരിന്‍റെ ധൂര്‍ത്തും ധനകാര്യ മാനേജ്മെന്‍റിലെ പിടിപ്പുകേടും സംസ്ഥാനത്തെ കടക്കെണിയിലേക്ക് കൂപ്പുകുത്തിക്കുന്നു. 3,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞയാഴ്ച 1,000 കോടി കടമെടുത്തതിന് പുറമേയാണിത്. ഓണച്ചെലവുകള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. അതേസമയം ധനവിനിയോഗം ഇനിയെങ്കിലും കാര്യക്ഷമമാക്കിയില്ലെങ്കില്‍ കെഎസ്ആർടിസിയുടെ അവസ്ഥയാകും സംസ്ഥാനത്തിനുണ്ടാവുകയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓണച്ചെലവുകൾക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച 1,000 കോടി രൂപ കടമെടുത്തിരുന്നു. കടമെടുപ്പ് ലേലം 29 ന് റിസർവ് ബാങ്കിൽ നടക്കും. സർക്കാർ ജീവനക്കാരുടെ ബോണസും ക്ഷേമപെൻഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് തുക മുഖ്യമായും വിനിയോഗിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ കൊടുക്കേണ്ടത് തന്നെയാണെന്ന കാര്യത്തില്‍ ആർക്കും എതിരഭിപ്രായമില്ല. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും സർക്കാർ ജീവനക്കാർക്കുള്ള അധിക ആനുകൂല്യങ്ങള്‍ക്കായി വാരിക്കോരി ചെലവഴിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന വിമർശനം ശക്തമാണ്.

അതേസമയം കോടികള്‍ കടമെടുക്കുമ്പോഴും ശമ്പളമില്ലാത്ത കെഎസ്ആർടിസി ജീവനക്കാരുടെ വിഷയത്തില്‍ സർക്കാർ ആത്മാര്‍ത്ഥമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് സിപിഎം അനുകൂല സംഘടനകളുടെ പോലും പരാതി. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തു നടപടി കൈക്കൊള്ളണമെന്ന് ധനവകുപ്പ് ഇനിയും തീരുമാനിച്ചിട്ടില്ല.

ആളോഹരി കടം പലമടങ്ങായി പെരുകുമ്പോഴും ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.  മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയും കാലിത്തൊഴുത്തിന് പോലും ലക്ഷങ്ങള്‍ ചെലവഴിച്ചും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാലാകും സംസ്ഥാനം അകപ്പെടുകയെന്ന കാര്യത്തില്‍ തർക്കമില്ല.