മോഡലുകളുടെ മരണം; കായലില്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്ക്കിനായി തെരച്ചില്‍

Jaihind Webdesk
Monday, November 22, 2021

കൊച്ചി :  മുന്‍ മിസ് കേരള അൻസി കബീർ ഉള്‍പ്പെടെയുള്ളവര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതികള്‍ ഉപേക്ഷിച്ചെന്ന് മൊഴി നല്‍കിയ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങി. തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിലാണ് ഡിവിആറിന് വേണ്ടി തെരച്ചില്‍ നടത്തിയത്. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ പതിനെട്ട് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കായലിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്കൂബ ഡൈവിംഗ് വിദഗ്ധരുടെ സഹായത്തോടെയാണ് കണ്ണങ്കാട്ട് കായലിൽ പരിശോധന നടത്തിയത്. കേസന്വേഷണത്തിൻ്റെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ബിജി തോമസ്, മെട്രോ സിഐ അനന്ത ലാൽ തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഡിവിആര്‍ കായലില്‍ ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയ പ്രതികളായ മെല്‍വിന്‍, വിഷ്ണുരാജ് എന്നിവരും പൊലീസിനൊപ്പമുണ്ടായിരുന്നു. ജാമ്യ നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ ഒപ്പുവെക്കാന്‍ എത്തിയപ്പോഴാണ് പോലീസ് ഇവരെ പാലത്തിലേക്ക് എത്തിച്ചത്. കായലിന്‍റെ മധ്യഭാഗത്ത് ഡിവിആര്‍ ഉപേക്ഷിച്ചു എന്നാണ് മൊഴി. കേസില്‍ ഇത് കണ്ടെടുക്കുക എന്നത് നിര്‍ണായകമാണ്.

ഹോട്ടലില്‍ നടന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ അടങ്ങിയ ദൃശ്യങ്ങള്‍ ഇതിലുണ്ട് എന്നാണ് നിഗമനം. കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകള്‍ക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങള്‍ പുറത്ത് വരാതെയിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിൽ അതി നിർണായകമായി മാറിയ സിസി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കണ്ടെത്തിയാൽ സംഭവം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.