എം.പി ഫണ്ട് രണ്ടു സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധം : ഡീൻ കുര്യാക്കോസ് എംപി

Jaihind News Bureau
Tuesday, April 7, 2020

എം.പി ഫണ്ട് രണ്ടു സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് ഡീൻ കുര്യാക്കോസ് എംപി.  കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലെ എം.പിമാർ 30 കോടി അനുവദിച്ചിട്ടുള്ള സാഹചര്യത്തിലെ ഈ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.             
കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി നിലവിൽ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ 1 കോടി 48  ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. എല്ലാ എംപിമാരും എം.പി ഫണ്ട് കൊറോണാ പ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്.

വരുന്ന രണ്ടു വർഷത്തെ വികസന ഫണ്ട് എടുത്തു മാറ്റുന്നത് ബിജെപിയുടെ ആസൂത്രിത അജണ്ടയാണ്. യഥാർത്ഥത്തിൽ മൻമോഹൻ സിംഗ് ഗവൺമെന്‍റിനു ശേഷം ഒരു പൈസാ പോലും എംപി ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. കാലാനുസൃതമായ പരിഷ്ക്കരണം ഉണ്ടാവണം എന്ന് പലപ്രാവശ്യം ആവശ്യപ്പെടുമ്പോഴും, അതു നിരസിക്കപ്പെടുകയായിരുന്നു. ഏറ്റവും ഭംഗിയായി നടന്നു കൊണ്ടിരിക്കുന്ന പ്രാദേശിക വികസന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന ഈ സംവിധാനത്തോട് നയപരമായി ബിജെപി ക്ക് എതിർപ്പാണുള്ളത്. ബിജെപിയുടെ സ്വാധീനമേഖലകളിൽ കേന്ദ്രീകൃതമായി വികസനത്തിനു വേണ്ട തുക അനുവദിക്കുക എന്നത് ആണ് ബിജെപി യുടെ നയമെന്നു് തെളിയിക്കുകയാണ് ഈ നടപടി. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഒരവസരം ലഭിച്ചപ്പോൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചത് നടപ്പിലാക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.

ശമ്പളം വെട്ടിക്കുറച്ചതിനോട് വിയോജിപ്പില്ല. എന്നാൽ കോറോണയുടെ മറവിൽ രാജ്യത്ത് വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി ആനുകൂല്യങ്ങൾ നൽകിയതിന്‍റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾ മുഴുവൻ നികത്താനാണ് ഈ അവസരം ഉപയോഗിച്ചിട്ടുള്ളത് എന്ന് ഡീൻ കുര്യാക്കോസ്എം.പി പറഞ്ഞു.