പെട്ടിമുടി ദുരന്തത്തിൽ സഹായധനമായി 10ലക്ഷം രൂപ അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Friday, August 14, 2020

പെട്ടിമുടി ദുരന്തത്തിൽ സഹായധനമായി 10ലക്ഷം രൂപ അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ദുരന്തത്തിൽപെട്ടവർക്ക് സഹായധനമായി 5 ലക്ഷം രൂപ മാത്രമേ നൽകുകയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പെട്ടിമുടിയിൽ സന്ദർശനം നടത്തിയശേഷം ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പെട്ടിമുടിയിൽ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരും തോട്ടം തൊഴിലാളികളും മാത്രമാണുള്ളത്. ഈ രണ്ടു ഘടകങ്ങൾ പരിഗണിച്ചാൽ തന്നെ 10 ലക്ഷം ധനസഹായം നൽകാൻ കഴിയും. ഒരേ ദിവസം തന്നെ കരിപ്പൂർ അപകടത്തിൽ പത്തുലക്ഷം രൂപ അനുവദിക്കുകയും പാവപ്പെട്ട തോട്ടം തൊഴിലാളികളെ അവഗണിക്കുകയും ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്. സാധാരണ ദുരന്തം ഉണ്ടാകുമ്പോൾ സർക്കാർ പ്രഖ്യാപിക്കാറുള്ള സഹായങ്ങൾ മാത്രമേ ഇവിടെയും നൽകുന്നുള്ളു.

1900 ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന കൃഷിനാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതി ദുരന്തത്തിന് ആശ്വാസം നൽകുവാൻ 400 കോടി രൂപ ഇടുക്കി ജില്ലയിലേക്ക് പ്രത്യേകമായി അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു. പെട്ടിമുടിയിൽ കൂടി കടന്നു പോകുന്നതും ഇടമലക്കുടിയിലെത്തുന്നതുമായ റോഡ് അടിയന്തരമായി പൂർത്തിയാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

പീരുമേട് ഉൾപ്പെടെ തോട്ടംതൊഴിലാളികളുടെ ജീവിതം തികച്ചും ദുഷ്കരമാണെന്നും തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിലും എം.പി ആവശ്യപ്പെട്ടു. തുടർച്ചയായുണ്ടാകുന്ന പ്രക്യതിക്ഷോഭവും മഴക്കെടുതിയും ഇടുക്കിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. കാർഷിക മേഖല പൂർണ്ണമായും തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കൃഷിക്കാർക്ക് ആശ്വാസം പകരാൻ സംസ്ഥാന സർക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണമെന്നും എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.