‘എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനം ജനം വിലയിരുത്തും, അതിനുള്ള യോഗ്യത വര്‍ഗീസിനില്ല’: ഡീന്‍ കുര്യാക്കോസ്

Jaihind Webdesk
Saturday, March 19, 2022

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്‍റെ ആക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി. തന്‍റെ ഉടുമുണ്ട് അഴിപ്പിക്കാനും ഉടുപ്പിക്കാനുമുള്ള ചുമതല സി വി വർഗീസിനെ ഏൽപ്പിച്ചിട്ടില്ല.  രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതും പാർലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും സി.വി വർഗീസിന്‍റെ ഔദാര്യം കൊണ്ടല്ല. എംപി എന്ന നിലയിൽ തന്‍റെ പ്രവർത്തനം വിലയിരുത്താനുള്ള യോഗ്യത സിവി വർഗീസിന് ഇല്ലെന്നും അത് ജനങ്ങൾ തീരുമാനിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സിവി വർഗീസിന്‍റെയോ സിപിഎമ്മിന്‍റെയോ തലോടലിന്‍റെയോ മൃദുസമീപനത്തിന്‍റെയോ ആവശ്യം തനിക്കില്ല. ജനപ്രതിനിധികളെയും രാഷ്ട്രീയ പ്രതിയോഗികളെയും ആക്ഷേപിക്കുന്നത് ഭൂഷണമാണോ എന്നുള്ളത് ജനങ്ങൾ വിലയിരുത്തട്ടെയെന്നും ഡീൻ കുര്യാക്കോസ് എംപി മുണ്ടിയെരുമയിൽ പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശം.