‘ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ല, രാജമല കാണാതെ പോകരുത്’; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഡീന്‍ കുര്യാക്കോസ് എം.പി

Jaihind News Bureau
Sunday, August 9, 2020

 

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എം.പി. ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ വ്യക്തമായ വിവേചനം പാവപ്പെട്ട തോട്ടം തൊഴിലാളികളോട് കാണിച്ചതായി ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. മൂന്നാറിലെ പ്രതികൂല കാലാവസ്ഥയിലും അധ്വാനിച്ച് അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന തൊഴിലാളികളോട് ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പറയുന്ന വാക്കിനോട് അല്‍പ്പമെങ്കിലും നീതിപുലർത്തുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി എത്രയും പെട്ടന്ന് ദുരന്ത സ്ഥലം സന്ദർശിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മൂന്നാറിലെ പെട്ടിമുടിയിൽ ഉണ്ടായ അസാധാരണമായ ഉരുൾപൊട്ടൽ 82 ആളുകൾ താമസിച്ചിരുന്ന തൊഴിലാളി ലയങ്ങളെ പൂർണ്ണമായി കവർന്നെടുക്കുകയും, നൂറുകണക്കിന് കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തത്. ഇപ്പോഴും 46 ആളുകളുടെ മൃതദേഹം കാത്ത് ആയിരകണക്കിനാളുകൾ മനസ്സിൽ അടങ്ങാത്ത നൊമ്പരവുമായി കാത്തു നിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

മുഖ്യമന്ത്രി ഇന്ന് കരിപ്പൂരിൽ എത്തി വിമാനത്താവളത്തിലെ ദുരന്ത മേഖല സന്ദർശനത്തിനു ശേഷം ധനസഹായ പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ.., കരിപ്പൂരിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്..ഇത് പ്രഥമദൃഷ്ട്യാ തന്നെ വിവേചനം ആയി എല്ലാ ആളുകളും കാണുകയും. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് പ്രാഥമികമായ ധനസഹായം മാത്രമാണ് ഇടുക്കിയിൽ നൽകിയിട്ടുള്ളത് എന്നും, പൂർണ്ണമായും രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം അടുത്ത ഘട്ടം ഉണ്ടാകുമെന്നും സൂചിപ്പിക്കുകയുണ്ടായി. ഇതുകൊണ്ട് ഇടുക്കികാരോട് വിവേചനമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്.

മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് 71 ആളുകൾ പൂർണമായി മരണപ്പെട്ടു എന്ന് എല്ലാ അർത്ഥത്തിലും മനസിലാക്കിയ ശേഷമാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതു തന്നെ. ഇനി ആകെ അവശേഷിക്കുന്നത് മരണമടഞ്ഞ 71 ആളുകളെയും വേണ്ടത്ര ബഹുമാനത്തോടെയും, പരിഗണനയോടെയും അടക്കം ചെയ്യുക എന്നത് മാത്രമാണ്.

തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കാത്ത് നൂറുകണക്കിന് ബന്ധുമിത്രാദികൾ ഇപ്പോഴും കാത്തു നിൽക്കുകയാണ്. അത് കണ്ടു വിറങ്ങലിച്ചു നിൽക്കുന്ന ആയിരക്കണക്കിനാളുകളുടെ മനസ്സുകളിലേക്കാണു മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചപ്പോൾ അത് തികഞ്ഞ വിവേചനം ആയിപോയി എന്ന ചിന്ത കടന്നുവന്നത്.

മുഖ്യമന്ത്രിയുടെ ഈ നടപടിയിൽ വിവേചനമുണ്ടായി എന്ന് കരുതുന്നതിൽ ആരെയും തെറ്റ് പറയാൻ സാധ്യമല്ല. മൂന്നാറിലെ മരംകോച്ചുന്ന തണുപ്പിലും, വിയർത്തൊലിച്ച് അധ്വാനിച്ച് അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന തമിഴ് വംശജരായ തൊഴിലാളികളാണ് പൂർണമായി മരണപ്പെട്ടത്. അവരോട് ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ല.

ഇനി വിവേചനമല്ല ആദ്യഘട്ട സഹായമാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെങ്കിലും, കരിപ്പൂരിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് പെട്ടിമുടി വരെ എത്താൻ സാധിച്ചില്ല എന്ന ചോദ്യം, ആ ചിന്തയ്ക്ക് ബലമേറുകയാണ്. ഗവർണറും ചീഫ് സെക്രട്ടറിയും മന്ത്രിമാരും ഉൾപ്പെടെ ഗവൺമെന്റിന്റെ മുഴുവൻ സംവിധാനങ്ങളും മലപ്പുറത്ത് സന്ദർശനം നടത്തുകയും, പാവപ്പെട്ട റവന്യൂമന്ത്രിയെ ഉന്തിത്തള്ളി ഇടുക്കിലേക്ക് പറഞ്ഞയച്ചതും കാണുമ്പോൾ ഇത് വിവേചനം അല്ലാതെ മറ്റെന്താണ് പറയാൻ സാധിക്കുക ??

റവന്യൂ മന്ത്രി അരമണിക്കൂർ സന്ദർശനം നടത്തി തിരികെ പോയി… സർക്കാരിന്റെ നിർദ്ദേശപ്രകാരം പെട്ടിമുടി സന്ദർശിച്ച റവന്യൂ മന്ത്രിക്ക് അ നിലയിൽ തന്നെ നന്ദി രേഖപ്പെടുത്തുന്നു. ശേഷം ഇവിടെ സന്ദർശനം നടത്തിയത് ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ എംഎം മണിയാണ് മറ്റുള്ള ഗവൺമെൻറിന്റെ സംവിധാനങ്ങളോ, പ്രതിനിധികളോ ഇവിടെ എത്തി ചേർന്നിട്ടില്ല. ഇതിനെ ഏതുവിധത്തിൽ വിശേഷിപ്പിക്കണം? പറയുന്ന വാക്കിനോട് അല്പമെങ്കിലും നീതിപുലർത്തുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി എത്രയും പെട്ടന്ന് ദുരന്ത സ്ഥലം സന്ദർശിക്കുകയാണ് ചെയ്യേണ്ടത്.