ഭൂമിതട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ജോയ്സ് ജോര്‍ജിന്‍റെ ശ്രമം: ഡീന്‍ കുര്യാക്കോസ്

Jaihind Webdesk
Friday, January 18, 2019

കൊട്ടക്കാമ്പൂർ ഭൂമി തട്ടിപ്പ് കേസിൽ ക്രിമിനൽ നടപടികളിൽ നിന്നും രക്ഷപെടാനുള്ള ജോയ്സ് ജോർജ് എം.പിയുടെ ശ്രമത്തിന്‍റെ ഭാഗമാണ് ഭൂമി ഇടപാടിലെ സാക്ഷികളെക്കൊണ്ട് പുതിയ സത്യവാങ്മൂലം കൊടുപ്പിച്ചിട്ടുള്ളത് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. മുമ്പ് ദേവികുളം കോടതിയിൽ നൽകിയ സത്യവാങ്മൂലം മറച്ചുവെച്ച് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഡീൻ പറഞ്ഞു.

ജോയ്സ് ജോർജ് എം.പിയും കുടുംബാംഗങ്ങളും നടത്തിയ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളാണ് കേരള ഹൈക്കോടതിയിലുള്ളത്. അതിൽ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസിൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് മുകേഷ് മോഹനൻ നൽകിയ കേസിലാണ് ഇപ്പോൾ സാക്ഷികളിൽ മൂന്നു പേരെക്കൊണ്ട് പുതിയ സത്യവാങ്മൂലം നൽകിയിട്ടുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

2005ലാണ് ഇത് സംബന്ധിച്ചുള്ള കേസിന്‍റെ തുടക്കം. എം.പിയുടെ കൂട്ടുകക്ഷിയായിരുന്ന ഒരാൾ ദേവികുളം കോടതിയിൽ നൽകിയ കേസിലെ സത്യാവാങ്മൂലത്തിന് വിരുദ്ധമായാണ് ഇപ്പോൾ പുതിയത് നൽകിയിട്ടുള്ളത്. അതേ സമയം ജോയ്സ് ജോർജിന്‍റെയും കുടുംബത്തിന്‍റെയും വ്യാജ പട്ടയമാണെന്ന് കണ്ടെത്തി ദേവികുളം സബ് കളക്ടർ പട്ടയം റദ്ദ് ചെയ്തിരുന്നു. അതിനെതിരെ എം.പി സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് ഒഴിഞ്ഞു മാറുകയാണ് എം.പി ചെയ്തത്. ക്രിമിനൽ കുറ്റം ചെയ്ത ജോയ്സ് ജോർജിനെ രക്ഷപെടാൻ അനുവദിക്കില്ലെന്നും നിയമത്തിന്‍റെ വഴിയിൽ ഏതറ്റം വരെയും പോകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.